ചെന്നൈ: മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു. 2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കാനിരിക്കെയാണ് പന്നീർസെൽവത്തിന്റെ പാർട്ടി മാറ്റം. എഐഎഡിഎംകെയിൽ ഉന്നത സ്ഥാനത്തായിരുന്ന ഒ പനീർസെൽവം ഡിഎംകെയിൽ ചേരുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലാണ് ഒ പന്നീർസെൽവം ഡിഎംകെയിൽ ചേർന്നത്. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാൻ തനിക്ക് താൽപര്യമില്ലായിരുന്നുവെന്നും, പലരും നിർബന്ധിച്ചാണ് മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്റ്റാലിന്റെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് ഒ പനീർസെൽവത്തിനായി പാർട്ടി ആസ്ഥാനത്ത് ഒരുക്കിയത്.
പനീർസെൽവം നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്‌ക്കും. ഏറെ നാളായി പാർട്ടിക്ക് പുറത്താണ് പനീർശെൽവം. എൻഡിഎ സഖ്യത്തിൽ ചേർന്നെങ്കിലും പിന്നീട് മുന്നണി വിടുകയായിരുന്നു. പാർട്ടിയിൽ നിന്ന് മാറിനിന്നതിന് പിന്നാലെ, രാഷ്‌ട്രീയമായി ഒറ്റപ്പെടുത്താൻ എന്തു തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം എഐഎഡിഎംകെ നേതൃത്വത്തോട് ചോദിച്ചിരുന്നു.
















