കൊച്ചി: വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായി.കൊല്ലത്തു നിന്നും കൊച്ചിയില്‍ പഠിക്കാന്‍ എത്തിയ ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്.
എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എന്‍.സന്തോഷിനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയത്. കാര്‍ പിന്നീട് പൊലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ രണ്ടരയോടെ കലൂര്‍ ശാസ്താ റോഡില്‍ വച്ചാണ് പൊലീസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വാഹന പരിശോധന നടക്കുന്നതിനിടെ എത്തിയ നീല നിറമുള്ള കാര്‍ നിര്‍ത്താന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ആദ്യം വേഗത കുറച്ചിട്ട് പെട്ടെന്ന് വേഗം കൂട്ടി പൊലീസുദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു.റോഡില്‍ പരിശോധന നടത്തിവന്ന എ.എസ്.ഐ സന്തോഷ് ബോണറ്റിലേക്ക് വീണു. സന്തോഷുമായി കാര്‍ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു.
സഡന്‍ ബ്രേക്ക് ഇട്ട് വെട്ടിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തെറിച്ച് റോഡിലേക്ക് വീണു.വീഴ്ചയില്‍ എ.എസ്.ഐ സന്തോഷിന്റെ ഇരുകാലുകള്‍ക്കും ക്ഷതമേറ്റു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് രണ്ടുപേരെ പിടികൂടിയത്.പരിശോധനയ്‌ക്ക് എന്തുകൊണ്ട് ഇവര്‍ വാഹനം നിര്‍ത്തിയില്ല എന്നതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.
















