കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയില്‍ ഉഷാ ജോസഫിന്റെ വയറ്റില്‍ മറന്നുവച്ച ശസ്ത്രക്രിയ ഉപകരണം മൂത്രാശയം തുളച്ച് അകത്ത് കടന്ന നിലയിലായിരുന്നെന്ന് റിപ്പോര്‍ട്ട്.’മൊസ്‌കിറ്റോ ആര്‍ട്ടെറി ഫോര്‍സെപ്സ്’ എന്ന ശസ്ത്രക്രിയാ ഉപകരണമാണ് ഉഷയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്.കത്രികയ്‌ക്ക് സമാനമായി കാണപ്പെടുന്ന ഉപകരണമാണിത്. ഇതിന്റെ മൂന്ന് സെന്റീമീറ്ററോളം വരുന്ന അഗ്രഭാഗം മൂത്ര സഞ്ചിയുടെ ഉള്ളില്‍ എത്തിയിരുന്നു. ഇതിനാലാകാം മൂത്രത്തില്‍ രക്തം കലര്‍ന്നതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തി. ഉപകരണത്തിന്റെ അഗ്രഭാഗത്ത് മൂത്രത്തിലെ ലവണാംശം അടിഞ്ഞുകൂടി കല്ലു പോലെ രൂപപ്പെട്ടിരുന്നു.
ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ഉഷ ജോസഫിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയ ഉപകരണം പുറത്തെടുത്തത്.ഈ ഉപകരണം കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി.ഗര്‍ഭാശയമുഴ നീക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്‌ക്കിടെയാണ് ഉഷയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത്.
നിരന്തരം അസ്വസ്ഥത അനുഭവപ്പെട്ടിരുന്ന ഉഷ ജോസഫ് അടുത്തിടെ അതിരൂക്ഷമായ വയറുവേദന അനുഭവപ്പെട്ടതോടെ ചികിത്സതേടുകയായിരുന്നു. മൂത്രത്തില്‍ കല്ലാകുമെന്ന് സംശയിച്ച് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിനുള്ളില്‍ കത്രിക കണ്ടത്.
















