ഇസ്ലാമാബാദ് : പാകിസ്ഥാനിൽ അടുത്തിടെ നടന്ന ഒരു വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. വധുവും വരനും തമ്മിലുള്ള പ്രായവ്യത്യാസമാണ് ഈ ചർച്ചയ്‌ക്ക് കാരണം. വരന് ഏകദേശം 70 വയസ്സും വധുവിന് 22 വയസ്സും പ്രായമുണ്ട്. വരനായ ഹക്കീം ബാബർ നാലിലൊന്ന് പ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിവിധ അഭിപ്രായങ്ങൾ ഉയർന്നതിനെത്തുടർന്ന് വധുവും വരനും തങ്ങളുടെ ഭാഗം വെളിപ്പെടുത്തുകയും ചോദ്യങ്ങൾ ഉന്നയിച്ചവരെ വിമർശിക്കുകയും ചെയ്തു. ഈദിന് ശേഷം ഉംറയ്‌ക്കായി സൗദി അറേബ്യയിലേക്കും തുടർന്ന് ഹണിമൂണിനായി നെതർലൻഡ്‌സിലേക്കും പോകുമെന്ന് ദമ്പതികൾ പറഞ്ഞു
പാകിസ്ഥാൻ വാർത്താ വെബ്‌സൈറ്റായ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 70 വയസ്സുള്ള ഹക്കീം ബാബറിന്റെ വീട് സന്ദർശിച്ച മാധ്യമപ്രവർത്തകർ അദ്ദേഹത്തോടും 22 വയസ്സുള്ള വധുവിനോടും സംസാരിച്ചു. തന്റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളെക്കുറിച്ച് അദ്ദേഹം വാചാലനായി. “പ്രായം ഒരു സംഖ്യ മാത്രമാണ്. വിവാഹത്തിൽ ദമ്പതികൾ തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിക്കുന്നത് ശരിയല്ല. അത്തരം ബന്ധങ്ങൾ സ്വകാര്യമായി തുടരണം.” – ഹക്കീം പറഞ്ഞു.
കൂടാതെ “ഞങ്ങളുടേത് പ്രണയ വിവാഹവും അറേഞ്ച്ഡ് വിവാഹവുമായിരുന്നു. ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെട്ടു. അങ്ങനെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു, നിക്കാഹ് നടത്തി അത് ഔദ്യോഗികമാക്കി. ഞങ്ങളുടെ വിവാഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി, ആളുകൾ അഭിപ്രായങ്ങൾ പറയാൻ തുടങ്ങി,” – ബാബറിന്റെ 22 വയസ്സുള്ള ഭാര്യയും മാധ്യമങ്ങളോട് പറഞ്ഞു.
70-ാം വയസ്സിൽ വിവാഹം കഴിച്ചതിന്റെ കാരണം ചോദിച്ചപ്പോൾ ഹക്കിം ബാബർ പറഞ്ഞ മറുപടിയും ഏറെ കൗതുകകരമാണ്. “ഹൃദയത്തിൽ ചെറുപ്പമായിരിക്കണം. എനിക്ക് വിവാഹം കഴിക്കാമെന്ന് എനിക്ക് തോന്നി, അങ്ങനെ ഞാൻ വിവാഹം കഴിച്ചു. വിവാഹമോചിതയായ ഒരു സ്ത്രീയെ ഞാൻ വിവാഹം കഴിച്ചു എന്നതും പരിഗണിക്കുക. വിവാഹമോചിതയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നത് അല്ലാഹുവിൽ നിന്നും പ്രവാചകന്റെ നിന്നുമുള്ള ഒരു കൽപ്പനയാണ്. ഇത് ചെയ്തതിലൂടെ ഞാൻ എന്ത് തെറ്റാണ് ചെയ്തത് ” – ഹക്കീം ചോദിച്ചു.
ബാബറിനെ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ 22 വയസ്സുള്ള ഭാര്യയും പ്രണയത്തിന്റെയും വിവാഹത്തിന്റെയും പ്രാധാന്യം ആവർത്തിച്ചു. യഥാർത്ഥ പ്രണയമുണ്ടെങ്കിൽ പ്രായം പ്രശ്നമല്ലെന്ന് അവർ പറഞ്ഞു. നിങ്ങളെ പരിപാലിക്കുന്ന ഒരാളെ കണ്ടെത്തിയാൽ, വിവാഹം വൈകിപ്പിക്കരുത്. സോഷ്യൽ മീഡിയയിൽ ആളുകൾ എന്താണ് പറയുന്നതെന്ന് ഞങ്ങൾ കാര്യമാക്കുന്നില്ലെന്നാണ് വധുവിന്റെ അഭിപ്രായം.
















