കാബൂൾ : അതിർത്തിയിലെ (ഡ്യൂറണ്ട് ലൈൻ) പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ അഫ്ഗാൻ സൈന്യം ആക്രമണം നടത്തി. ഇതിനുശേഷം, അതിർത്തിയിലെ പല സ്ഥലങ്ങളിലും ഇരുവശത്തുനിന്നും വെടിവയ്‌പ്പും ഏറ്റുമുട്ടലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ നിരവധി പാക് പോസ്റ്റുകൾ നശിപ്പിക്കപ്പെട്ടുവെന്നും നിരവധി സൈനികരെ കൊല്ലപ്പെട്ടുവെന്നും അഫ്ഗാൻ സൈന്യം അവകാശപ്പെടുന്നുണ്ട്. പാകിസ്ഥാൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് അഫ്ഗാൻ സൈന്യത്തിന്റെ ഈ തിരിച്ചടി. ഞായറാഴ്ച പുലർച്ചെയാണ് പാകിസ്ഥാൻ സൈന്യം ബോംബാക്രമണം നടത്തിയത്, അതിനുശേഷം ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അഫ്ഗാനിസ്ഥാൻ പറഞ്ഞിരുന്നു.
ഹുറിയത്ത് റേഡിയോയുടെ റിപ്പോർട്ട് പ്രകാരം നൻഗർഹാറിലെ പ്രാദേശിക സ്രോതസ്സുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രവിശ്യയിലെ നാസിയൻ, ഡെർബാബ ജില്ലകളിലെ ഡ്യൂറണ്ട് ലൈനിന് സമീപമുള്ള പാകിസ്ഥാൻ സൈനിക സ്ഥാനങ്ങൾ അഫ്ഗാൻ സൈന്യം ആക്രമിച്ചു എന്നാണ്. ആക്രമണത്തിൽ നിരവധി പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ നശിപ്പിക്കപ്പെട്ടു. അതേ സമയം അഫ്ഗാൻ താലിബാൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.
അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി പ്രദേശങ്ങളിൽ ഞായറാഴ്ച പുലർച്ചെ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണമാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ഏറ്റവും പുതിയ സംഘർഷത്തിന് കാരണം. പാകിസ്ഥാനുള്ളിലെ നിരവധി ആക്രമണങ്ങൾക്ക് ടിടിപിയെ കുറ്റപ്പെടുത്തുന്നതിനാൽ, ടിടിപി പോലുള്ള ഗ്രൂപ്പുകളിൽ പെട്ടവരുടെ ലക്ഷ്യങ്ങൾ ആക്രമിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടു.
അതേ സമയം പാകിസ്ഥാൻ തങ്ങളുടെ ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചതായും നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടതായും അഫ്ഗാനിസ്ഥാൻ പറഞ്ഞു. ഞായറാഴ്ചത്തെ ആക്രമണത്തെ അഫ്ഗാനിസ്ഥാൻ ശക്തമായി അപലപിക്കുകയും തിരിച്ചടിക്കാനുള്ള അവകാശം പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷമാണ് ചൊവ്വാഴ്ച വൈകുന്നേരം അഫ്ഗാൻ സൈന്യം അതിർത്തിയിലെ പാകിസ്ഥാൻ പോസ്റ്റുകൾ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ചത്.
















