തൃശൂര്‍: റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി വിവാഹിതനായി. എഴുത്തുകാരി നവമിലതയാണ് വധു. വേടന്റെ വീട്ടില്‍ വച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. സബ് രജിസ്ട്രാര്‍ മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടിലെത്തി വിവാഹ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങില്‍ സംബന്ധിച്ചത്.ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തിയാകും വിവാഹമെന്ന് വേടന്‍ നേരത്തെ പറഞ്ഞിരുന്നു.
സഹോദരന്‍ ഹരി, ഭാര്യ സഹോദരന്‍ നവീന്‍, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാര്‍ എന്നിവരാണ് സാക്ഷികളായി രജിസ്റ്ററില്‍ ഒപ്പുവച്ചത്. വധുവും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വൈകുന്നേരം നാല് മണിയോടെ മുളങ്കുന്നത്ത് കാവിലെ വേടന്റെ വീട്ടിലെത്തി.
വൈകുന്നേരം പൂമലയിലെ റിസോര്‍ട്ടിലാണ് വിരുന്നു സല്‍ക്കാരം .രജിസ്റ്റാര്‍ ഓഫീസില്‍ ആളുകളുടെ തിരക്ക് കാരണം തന്റെ വീട്ടിലേക്ക് എത്തിച്ചേരാമെന്ന് സബ് രജിസ്ട്രാര്‍ അറിയിക്കുകയായിരുന്നു.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ സര്‍ക്കാര്‍ നടത്തിയ ഹാപ്പിനസ് ഫെസ്റ്റിവലില്‍ വിവാഹക്കാര്യം വേടന്‍ പ്രഖ്യാപിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ പങ്കുവെച്ചതിന് പിന്നാലെ വേടന്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. വേടനും നവമിലതയും തമ്മില്‍ ദീര്‍ഘകാലമായി അടുപ്പത്തിലാണ്.
















