ഡെറാഡൂൺ : ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് .
ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന മുൻ സൈനികരുടെ സംവാദ സെമിനാറിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത് . “യുസിസി നടപ്പിലാക്കുന്നത് വളരെ നല്ല കാര്യമായിരിക്കും… രാജ്യമെമ്പാടും ഇത് സംഭവിക്കുകയാണെങ്കിൽ നന്നായിരിക്കും, പക്ഷേ ഇത് ഈ രീതിയിൽ (ഉത്തരാഖണ്ഡ് പോലെ) നടപ്പിലാക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു.” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരി 27 ന് യുസിസി നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
സമൂഹത്തെ ഏകീകരിക്കുന്നതിന് അത് അത്യാവശ്യമാണെന്ന് പറഞ്ഞാണ് മോഹൻ ഭഗവത് യുസിസിയെ പ്രശംസിച്ചത്. ഉത്തരാഖണ്ഡിൽ നിർദ്ദേശം തയ്യാറാക്കിയ ശേഷം, അത് പൊതു ചർച്ചയ്‌ക്ക് വച്ചതായും, തുടർന്ന് 3 ലക്ഷം ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചതായും, അത് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) വിഷയത്തിൽ അഭിപ്രായം പറയാൻ വിസമ്മതിച്ച ഭഗവത്, വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും പറഞ്ഞു. ബാഹ്യ വിഭവങ്ങളില്ലാതെയാണ് സംഘം സ്ഥാപിതമായതെന്നും, രണ്ടുതവണ കടുത്ത ഉപരോധങ്ങൾ നേരിട്ടിട്ടും, സമൂഹത്തിന്റെ ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് അത് മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു.
















