ഗുവാഹത്തി: ആസാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധ പ്രീണനത്തില്‍ മാത്രമായി ഒതുങ്ങിയെന്ന് മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ. ഗുവാഹത്തിയിലെ വാജ്‌പേയ് ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാം കോണ്‍ഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയി മുസ്ലീം മേല്‍ക്കൈയുള്ള പ്രദേശങ്ങളിലെ 25 സീറ്റുകളില്‍ മാത്രമാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാം പ്രീണനത്തെക്കുറിച്ചാണെങ്കില്‍ എങ്ങനെ ഒരു സാധാരണക്കാരന് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കോണ്‍ഗ്രസിന്റെ ആസാം നേതൃത്വത്തിന് നന്നായി അറിയാം. നിലവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും കോണ്‍ഗ്രസിന് ഫണ്ടില്ല. ആസാമില്‍ ബിജെപി തന്നെ അധികാരത്തില്‍ വരുമെന്ന് ഗൊഗോയിക്ക് അറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരവധി തവണ ആസാം സന്ദര്‍ശിക്കുന്നുണ്ടെങ്കിലും, തോല്‍വി ഭയന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍ ആസാമില്‍ വരുന്നില്ലെന്നും ഭൂപന്‍ കുമാര്‍ പറഞ്ഞു.
രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏകപാര്‍ട്ടി ബിജെപിയാണ്. ആ ഒരു തിരിച്ചറിവിലാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിനുശേഷം തനിക്ക് ബിജെപിയെക്കുറിച്ച് കൂടുതല്‍ ബോധ്യമായി, അദ്ദേഹം പറഞ്ഞു.













