പത്തനംതിട്ട: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനാണെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍. ഡിസംബര്‍ 27ന് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത് വെറും നാടകം മാത്രമായിരുന്നു എന്നും വ്യക്തം.
കടകംപള്ളിയുടെ ബാങ്ക് അക്കൗണ്ടുകള്‍, ഫോണുകള്‍ എന്നിവ പരിശോധിച്ചില്ല, വീട് റെയ്ഡ് ചെയ്തില്ല. സംശയം തോന്നിയാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് എസ്‌ഐടി പറഞ്ഞത് കടകംപള്ളിയെ വെള്ളപൂശാനുള്ള തന്ത്രമായിരുന്നുവെന്നും തെളിയുന്നു. തന്ത്രിയെ പെരുംകള്ളന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്ഥാവന സര്‍ക്കാരിനും പാര്‍ട്ടിക്കും തന്ത്രിയുടെ മേലുള്ള പക സൂചിപ്പിക്കുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
മുന്‍ മന്ത്രി കടകംപള്ളിക്ക് സ്വര്‍ണപാളി കേസില്‍ പങ്കുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് പ്രധാന പ്രതിയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എ. പത്മകുമാറാണ്. ശ്രീകോവില്‍ പാളികളില്‍ സ്വര്‍ണം പൂശുന്നതിന് സ്‌പോണ്‍സറാകാന്‍ തന്നെ അനുവദിക്കണമെന്ന് കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം മന്ത്രിക്ക് അപേക്ഷ നല്കിയിരുന്നു എന്നതാണ് ആദ്യ വെളിപ്പെടുത്തല്‍. ഇക്കാര്യം പോറ്റിയും ശരിവച്ചതായാണ് സൂചന. പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തു വിടാനുള്ള തീരുമാനം സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങിയായിരുന്നു എന്നാണ് പത്മകുമാര്‍ രണ്ടാമത് പറഞ്ഞത്. ഇത് മുഖവിലയ്‌ക്കെടുക്കാന്‍ എസ്‌ഐടി തയാറാകാത്തത് ദുരൂഹത ഉയര്‍ത്തുന്നു. പോറ്റിയെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അടുത്ത ബന്ധം ഇല്ലെന്നുമാണ് കടകംപള്ളി ആദ്യം പറഞ്ഞത്. ബെംഗളൂരു വിമാനത്താവളത്തില്‍ ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്ന ചിത്രവും വിവിധ ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തതായി തെളിയിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നപ്പോള്‍ മന്ത്രി നിലപാട് തിരുത്തി. പോറ്റിയുടെ വീട്ടില്‍ പോയി എന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ കടകംപള്ളിയുടെ കള്ളങ്ങള്‍ അടിമുടി പൊളിഞ്ഞു. എന്നിട്ടും എസ്‌ഐടി മന്ത്രിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്.
എന്നാല്‍ യാതൊരു തെളിവുമില്ലാതെ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത എസ്‌ഐടി അദ്ദേഹത്തിന്റെ ഫോണുകള്‍ പിടിച്ചെടുത്തു. വീട് റെയ്ഡ് ചെയ്തു. ബാങ്ക് രേഖകള്‍ പരിശോധിച്ചു. അന്വേഷണ പരിധിയില്‍ വരാത്ത വാജി വാഹനം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ തന്ത്രിക്ക് മുഖ്യ പങ്കുണ്ടെന്ന് പ്രസ്താവന ഇറക്കി. ഒടുവില്‍ തെളിവിന്റെ ഒരു കണിക പോലും ഇല്ലെന്ന് പറഞ്ഞ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചപ്പോള്‍ മേല്‍ കോടതിയെ സമീപിക്കാന്‍ തുടങ്ങിയ എസ്‌ഐടി ഒടുവില്‍ നിലപാട് മാറ്റിയതിന് പിന്നിലും സര്‍ക്കാര്‍ സമ്മര്‍ദം ഉണ്ടെന്നാണ് സൂചന. ഹൈക്കോടതി നിയന്ത്രണത്തെ മറികടന്ന് മുഖ്യമന്തിയുടെ ഓഫീസ് എസ്‌ഐടിക്ക് മേല്‍ സമര്‍ദം ചെലുത്തിയതാണ് തന്ത്രിയുടെ അറസ്റ്റിന് കാരണമെന്നും തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു.














