അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക (ആര്‍ട്ടറി ഫോര്‍സെപ്സ്) കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന് ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയ്‌ക്കാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ സസ്‌പെന്‍ഷനിലുള്ള നഴ്‌സ് ധന്യയില്‍ കുറ്റം കെട്ടിവെയ്‌ക്കാനുള്ള ശ്രമവും റിപ്പോര്‍ട്ടിലുണ്ട്. അഞ്ചു വര്‍ഷം മുന്‍പ് നടന്ന ശസ്ത്രക്രിയയിലാണ് ഉഷയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത്.
ഈ സംഭവത്തില്‍ ഡോ. ഷാഹിദയ്‌ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോട് എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോ. ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നടപടി ക്രമങ്ങള്‍ എല്ലാം ഡോക്ടര്‍ പാലിച്ചെന്ന് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
നഴ്സിന്റെ വീഴ്ചയ്‌ക്കൊപ്പം സിസ്റ്റത്തിന്റെ പോരായ്‌മകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് നടന്ന ശസ്ത്രക്രിയയില്‍ ജീവനക്കാര്‍ പരിമിതമായിരുന്നു. ഓപ്പറേഷനു ഫ്ലോര്‍ നഴ്സ് ഡോക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. നഴ്സായ ധന്യ ഇതേസമയം അടുത്ത ടേബിളിലെ ശസ്ത്രക്രിയയിലും ഡോക്ടറെ സഹായിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് കാലത്ത് പിപിഇ കിറ്റ് ധരിച്ചുളള സര്‍ജറിയുടെ ബുദ്ധിമുട്ടുകളും വിവരിക്കുന്നുണ്ട്. അതേസമയം ഡോക്ടറെ കുറ്റവിമുക്തയാക്കി നഴ്സിനെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേരള ഗവ. നഴ്സസ് യൂണിയന്‍ ആരോപിക്കുന്നു.
ശസ്ത്രക്രിയയ്‌ക്കിടെ കത്രിക വയറ്റില്‍ മറന്നുവെച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. നഴ്സിന്റെ മാത്രം കുറ്റമായി ഇതിനെ ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും നഴ്സസ് യൂണിയന്‍ അറിയിച്ചു.
അഞ്ചുവര്‍ഷത്തെ വേദനയ്‌ക്കൊടുവില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി ഉഷാ ജോസഫിന്റെ വയറ്റില്‍നിന്നും കത്രിക പുറത്തെടുത്തത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക പോലീസിന് കൈമാറി.
















