കൊച്ചി: വന്ദേമാതരം സിഐഎസ്എഫ് കോസ്റ്റല്‍ സൈക്ലത്തോണ്‍ 2026ന്റെ സമാപനം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നടന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ്‌കുമാര്‍ മുഖ്യാതിഥിയായി.
തീരദേശ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ദേശീയ സുരക്ഷാ സംരംഭങ്ങളില്‍ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വന്ദേമാതരം സിഐഎസ്എഫ് കോസ്റ്റല്‍ സൈക്ലത്തോണ്‍ കഴിഞ്ഞമാസം 28 നാണ് ആരംഭിച്ചത്.
ഗുജറാത്തിലെ കച്ചിലുള്ള ലഖ്പത് കോട്ടയില്‍ നിന്നാണ് പശ്ചിമ തീര സംഘ ത്തിന്റെ യാത്ര ആരംഭിച്ചത്. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ ബഖാലിയില്‍ നിന്നാണ് പൂര്‍വ തീരസംഘം യാത്ര ആരംഭിച്ചത്. 25 ദിവസം, ഏകദേശം 6,553 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലത്തോണിന്റെ ഭാഗമായി മുംബൈ, ഗോവ, മംഗളൂരു, ഹല്‍ദിയ, കൊണാര്‍ക്ക്, വിശാഖപട്ടണം, ചെന്നൈ എന്നിവയുള്‍പ്പെടെ പ്രധാന തീരദേശ നഗരങ്ങളിലായി പത്ത് മെഗാ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ നടന്നു. 130 അംഗ സിഐഎസ്എഫ് സംഘത്തില്‍ പകുതി പേര്‍ സ്ത്രീകളായിരുന്നു.
സമാപന ചടങ്ങില്‍ സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ പ്രവീര്‍ രഞ്ജന്‍, സിനിമാ താരങ്ങളായ ജയസൂര്യ, മേജര്‍ രവി, വിജയ് ബാബു, പ്രയാഗ മാര്‍ട്ടിന്‍, ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, ബാഡ്മിന്റണ്‍ കോച്ച് ജോയ് ആന്റണി, സംഗീത സംവിധായകന്‍ രതീഷ് വേഗ എന്നിവര്‍ പങ്കെടുത്തു.
















