തിരുവനന്തപുരം: 74-ാംമത് അഖിലേന്ത്യാ പോലീസ് വോളിബോള്‍ ക്ലസ്റ്റര്‍ (വോളിബോള്‍ & സെപാക്ടക്‌റോ )മത്സരങ്ങള്‍ക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് തുടക്കം. വൈകിട്ട് 4.30ന്ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. 27 വരെ അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരം ഓള്‍ ഇന്ത്യ പോലീസ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നതെന്ന് ഓര്‍ഗനൈസിംങ് സെക്രട്ടറി എഡിജിപി എസ്. ശ്രീജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ അസാം റൈഫിള്‍സ്, ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, ആര്‍പിഎഫ്, എസ്എസ്ബി തുടങ്ങിയ 33 സേന വിഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ പങ്കെടുക്കും. 33 സേനാവിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള 767 പുരുഷന്മാരും 338 സ്ത്രീകളും ഉള്‍പ്പെ 1105 ഉദ്യോഗസ്ഥര്‍ മത്സരത്തില്‍ പങ്കെടുക്കും.
വോളിബോള്‍ മത്സരങ്ങള്‍ക്കായി വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്‌റ്റേഡിയം, മൈലം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കാലടി വോളിബോള്‍ ക്ലബ്, പട്ടം കെഎസ്ഇബി സ്‌റ്റേഡിയം, കാര്യവട്ടം എല്‍എന്‍സിപി സ്‌റ്റേഡിയം എന്നിവിടങ്ങളിലെ എട്ട് കോര്‍ട്ടുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സെപാക് ടക്‌റോ മത്സരങ്ങള്‍ക്കായി കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തെ രണ്ട് കോര്‍ട്ടുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വോളിബോള്‍ മത്സരങ്ങള്‍ക്കായി പുരുഷവിഭാഗത്തില്‍ 30 ടീമും വനിതകളുടെ 17 ടീമുകളുമാണ് പങ്കെടുക്കുന്നത്. സെപാക് ടക്‌റോ മത്സരങ്ങള്‍ക്കായി പുരുഷവിഭാഗത്തില്‍ 18 ടീമും വനിതകളുടെ 14 ടീമുകളുമാണ് പങ്കെടുക്കുന്നത്.












