പല്ലേക്കലെ: ബാറ്റിങ് ദുഷ്‌കരമായി തീര്‍ന്ന പല്ലേക്കലെ സ്റ്റേഡിയത്തിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് കരുത്തായത് ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ടിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്. 40 പന്തുകള്‍ നേരിട്ട് 62 റണ്‍സെടുത്ത സാള്‍ട്ടിന്റെ മികവില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 146. ഇതിനെതിരെ നാട്ടുകാരായ ലങ്കന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 16.4 ഓവറില്‍ 95 റണ്‍സില്‍ എല്ലാവരും പുറത്തായി. ആദ്യ സൂപ്പര്‍ 8 മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് 51 റണ്‍സ് വിജയം സ്വന്തമാക്കി.
മത്സരത്തില്‍ ടോസ് ലങ്കയ്‌ക്കായിരുന്നു. ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇംഗ്ലണ്ടിനെ ബാറ്റ് ചെയ്യിക്കാന്‍ തീരുമാനിച്ചു. ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച നായകന്റെ തീരുമാനം ശരിയായിരുന്നു. പക്ഷെ എതിരാളികളുടെ ബൗളിങ് മികവിനെ മറികടക്കാന്‍ ലങ്കന്‍ ബാറ്റിങ് നിരയ്‌ക്ക് സാധിക്കാതെ പോയി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ചൊരു കൂട്ടുകെട്ട് പോലും കെട്ടിയുയര്‍ത്താനായില്ല. സാള്‍ട്ട് സാം കറനെയും കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റില്‍ നേടിയ 26 റണ്‍സാണ് ഏറ്റവും മികച്ചത്. ആറ് ബൗണ്ടറികളും രണ്ട് സിക്‌സറും അടങ്ങുന്ന സാള്‍ട്ടിന്റെ പ്രകടനം കഴിഞ്ഞാല്‍ പിന്നെ മികച്ചു നിന്നത്. വില്‍ ജാക്‌സ് ആണ്. 21 റണ്‍സാണ് ജാക്‌സ് നേടിയത്.
ഇതിനെതിരെ വിജയം ഉറപ്പിക്കാനിറങ്ങിയ ലങ്കന്‍ പടയ്‌ക്ക് അടിമുടി പിഴച്ചു. ആറാം ഓവറില്‍ 34 റണ്‍സിലെത്തുമ്പോഴേക്കും ലങ്കയ്‌ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ മൂന്ന് വിക്കറ്റും വില്‍ ജാക്‌സിന്റെ വകയായിരുന്നു. ലങ്കയ്‌ക്ക് മേല്‍ തുടക്കത്തിലേ നേടിയെടുത്ത ഈ ആധിപത്യം ഇംഗ്ലണ്ട് ശക്തമായി ബലപ്പെടുത്തുന്ന കാഴ്‌ച്ചയാണ് പിന്നീട് കണ്ടത്. ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ദസുന്‍ ഷനക(30) ഒറ്റയാന്‍ പ്രകടനത്തിലൂടെ പൊരുതി നോക്കിയെങ്കിലും ആരില്‍ നിന്നും പിന്തുണ കിട്ടാതെ കീഴടങ്ങേണ്ടി വന്നു. ഓള്‍ റൗണ്ട് പ്രകടനം കാഴ്‌ച്ചവച്ച വില്‍ ജാക്‌സ് കളിയിലെ താരമായി.











