മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ബാലതാരമായിരുന്നു ബേബി ശാലിനി. മാമാട്ടിക്കുട്ടിയമ്മയെ ഇന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരാണ് മലയാളികൾ . ബേബി ശാലിനി വളർന്ന് ശാലിനി എന്ന പേരിൽ നായികാവേഷത്തിൽ എത്തിയപ്പോഴും ആ സ്നേഹത്തിന് കുറവുണ്ടായില്ല. ‘മാമാട്ടിക്കുട്ടിയമ്മ’യും ‘അനിയത്തിപ്രാവി’ലെ മിനിയുമൊക്കെയായ ശാലിനിയുടെ സിനിമകൾ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ തന്റെ മക്കൾ ഇതുവരെ തന്റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്ന് തുറന്ന് പറയുകയാണ് താരം.
ശാലിനി തന്റെ മക്കളെക്കുറിച്ച് വാചാലയായത്. തമിഴ് സൂപ്പർതാരം അജിത്തുമായുള്ള വിവാഹശേഷം അഭിനയലോകത്തോട് വിടപറഞ്ഞ ശാലിനിക്ക് അനൗഷ്ക, ആദ്‌വിക് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.‘എന്റെ ഒരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?’ എന്ന് വേദിയിൽ വെച്ച് മക്കളോട് തമാശരൂപേണ താരം അഭ്യർത്ഥിച്ചു. സിനിമ കാണാൻ പലതവണ പദ്ധതിയിടുമെങ്കിലും ‘പിന്നെയാകാം’ എന്ന് പറഞ്ഞ് മക്കൾ അത് മാറ്റിവയ്‌ക്കുകയാണ് പതിവെന്നും തന്റെ സിനിമകളിലെ പാട്ടുകൾ കാണുന്നതല്ലാതെ പൂർണ്ണരൂപത്തിൽ ഒരു ചിത്രം പോലും അവർ കണ്ടിട്ടില്ലെന്നും ശാലിനി വെളിപ്പെടുത്തി.
‘എന്റെ മക്കൾ ഇതുവരെ എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. എപ്പോഴെങ്കിലും സിനിമ കാണാം എന്ന് പ്ലാൻ ചെയ്യുമ്പോൾ, ശരി, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞ് അവർ അത് മാറ്റിവയ്‌ക്കും. സത്യത്തിൽ, ഈ അവസരം ഉപയോഗിച്ച് എനിക്ക് എന്റെ മക്കളോട് ഒരു കാര്യം പറയാനുണ്ട്. മക്കളേ, ദയവുചെയ്ത് എന്റെ ഒരേയൊരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?
നമ്മൾ എന്തെങ്കിലും പ്ലാൻ ചെയ്യുമ്പോഴൊക്കെ അവർ ‘പിന്നെയാകാം’ എന്ന് പറഞ്ഞ് ഒഴിയുകയാണ് പതിവ്. ഈ അടുത്ത കാലത്ത് എന്റെ മകൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, ‘അമ്മേ, അമ്മയുടെ ഒരു ഗംഭീര സിനിമയെക്കുറിച്ച് എന്റെ കൂട്ടുകാരി പറഞ്ഞു. അതിന്റെ കഥ കേട്ടിട്ട് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു, നമുക്കിത് ഒരുമിച്ച് ഇരുന്ന് കാണണം’ എന്ന്. അവൾ അന്ന് നല്ല ആവേശത്തിലായിരുന്നു, ഞാനും ശരിയെന്ന് സമ്മതിച്ചു. പക്ഷേ അതും നടന്നില്ല. അവർ എന്റെ സിനിമയിലെ പാട്ടുകൾ കാണും എന്നല്ലാതെ അതിൽ കൂടുതൽ ഒന്നും സംഭവിക്കാറില്ല.’
















