തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യൂക്കേഷനില്‍ ഒന്ന് കേരളത്തിന് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. അത് തിരുവനന്തപുരത്തിന് ലഭിക്കുമെന്നുമാണ് പ്രതീക്ഷ. കേന്ദ്രം പ്രഖ്യാപിച്ച അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊന്ന് ടു ടയര്‍ ത്രീ ടയര്‍ സിറ്റികള്‍ക്ക് വേണ്ടി കേന്ദ്രം പ്രഖ്യാപിച്ച സിറ്റി എക്കണോമിക്ക് റീജിയണ്‍ പദ്ധതിയില്‍ അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപയാണ് ഒരു സിറ്റിക്ക് നല്‍കുന്നത്. അതും സംസ്ഥാന സര്‍ക്കാര്‍ വഴി കോര്‍പറേഷന്‍ ആവശ്യപ്പെടണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ അഞ്ചാം വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികള്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തയാറാകണമെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയും ജനപ്രതിനിധികള്‍ക്ക് പലതും പ്രചരിപ്പിക്കാന്‍ കഴിയും. എന്നാല്‍ തങ്ങളുടെ പ്രവൃത്തികള്‍ ജനങ്ങളെ അറിയിക്കണം. അങ്ങനെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന അവസരത്തില്‍ അവരുടെ വാമൊഴിയായിരിക്കും ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മേയര്‍ അഡ്വ. വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ദക്ഷിണഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായി മാറാനുള്ള എല്ലാ സാധ്യതകളും തിരുവനന്തപുരത്തിന് മാത്രമാണെന്നും തിരുവനന്തപുരത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തുമെന്നും മേയര്‍ പറഞ്ഞു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കരമന അജിത് പദ്ധതി അവതരണം നടത്തി. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ജി.എസ്., ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സത്യവതി വി., മരാമത്ത്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ്., നരഗാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, വിദ്യാഭ്യാസ, കായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയന്‍, ബിജെപി നഗരസഭ കക്ഷിനേതാവ് പാപ്പനംകോട് സജി, എല്‍ഡിഎഫ് നഗരസഭാ കക്ഷി നേതാവ് അഡ്വ. ദീപക് എസ്.പി., യുഡിഎഫ് നഗരസഭാ കക്ഷി നേതാവ് കെ.എസ്. ശബരീനാഥന്‍, ഉപനേതാവ് മേരിപുഷ്പം, കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി കമ്മിഷണറായിരുന്ന നടന്‍ കൊല്ലം തുളസി, എഴുത്തുകാരനായ ഡോ. കായംകുളം യൂനുസ്, നഗരസഭ സെക്രട്ടറി ബിനി കെ.യു., നഗരസഭാതല ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വര്‍ക്കിങ് ഗ്രൂപ്പ് തല ചര്‍ച്ചകളും വര്‍ക്കിങ് ഗ്രൂപ്പുകളുടെ പൊതുയോഗവും നടന്നു.
















