തിരുവനന്തപുരം: തന്ത്രിയെ ജയിലിലടച്ചത് ശബരിമലയില്‍ സര്‍ക്കാരിന്റെ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാലാണെന്ന് മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ‘ശബരിമല സമരവും സുവര്‍ണ്ണാവസര വിധിയും’, ‘വൃക്ഷ വൈജ്ഞാനികം’ എന്നീ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതികള്‍ എത്തുമെന്ന ഘട്ടത്തില്‍ പതിനെട്ടാം പടി ഒരാള്‍ക്കുപോലും അങ്ങോട്ട് കടക്കാന്‍ പറ്റാത്ത വിധം അടച്ചു. തന്ത്രി, പൂജാരിമാര്‍ മറ്റ് പരികര്‍മികള്‍ എല്ലാവരും പതിനെട്ടാം പടിയില്‍ വന്നിരുന്നാണ് ആചാരലംഘന ശ്രമം പരാജയപ്പെടുത്തിയത്. ഇതിന്റെ പ്രതികാരമായിട്ടാണ് 41 ദിവസം തന്ത്രിയെ ജയിലിലടച്ചത്. ജാമ്യാപേക്ഷയിലെ 90 പേജോളം വരുന്ന വിധിന്യായത്തില്‍ അറസ്റ്റ് ചെയ്ത കേസില്‍ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചതായും ശ്രീധരന്‍ പിള്ള പറഞ്ഞു.
യുവതികള്‍ മലകയറാന്‍ എത്തിയാല്‍ നട അടച്ചിടാമെന്ന് തന്ത്രിക്ക് അന്ന് നിയമോപദേശം നല്‍കി, അത് കോടതിയലക്ഷ്യമാകില്ലെന്നു പറഞ്ഞു. പോലീസ് തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിച്ചാല്‍ ആദ്യം അറസ്റ്റ് വരിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു.
ശബരിമല സമരത്തെ അനുകൂലിച്ചതിന് വന്ദ്യവയോധികനായ ഒ. രാജഗോപാലിനെതിരെ പോലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ആലപ്പുഴയില്‍ നടന്ന പ്രശ്‌നത്തിനാണ് വാറണ്ട്. നാല് മുതല്‍ 15 വരെ പ്രതികളില്‍ ബിജെപിക്കാരായ ഞാന്‍, കെ. സുരേന്ദ്രന്‍, മുരളീധരന്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഉണ്ടായിരുന്നു. ഹര്‍ത്താല്‍ അത്യാവശ്യമായതായിരുന്നു. വര്‍ത്തമാന കാലത്ത് മാതൃക ഒ. രാജഗോപാലിനെ പോലെ മറ്റൊരാളുണ്ടാവില്ല. അദ്ദേഹത്തിന് നല്‍കിത് കൈയാമമാണ്.
ശബരിമല പ്രശ്‌നത്തില്‍ സുവര്‍ണാവസരം എന്ന പ്രയോഗത്തില്‍ തനിക്കെതിരെയുള്ള കേസിന്റെ വിധി രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള അടിസ്ഥാനപരമായ വിധിയാണ്. അയ്യപ്പവിശ്വാസികളോട് അനീതി കാണിച്ചവരില്‍ ഒരാള്‍പോലും രക്ഷപ്പെട്ടിട്ടില്ല. എല്ലാവര്‍ക്കും ചെറുതും വലുതുമായ ശിക്ഷ ലഭിച്ചു. ലിംഗസമത്വത്തിന് വഴി ഒരുക്കുന്നതും പുരോഗമനപരമായ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. ശബരിമല സമരത്തില്‍ നിന്ന് ഞങ്ങള്‍ പിന്‍വാങ്ങുന്നുവെന്നും അവര്‍ പറഞ്ഞത് അന്നത്തെ പത്രങ്ങളില്‍ അച്ചടിച്ച് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ശബരിമല സമരവും സുവര്‍ണ അവസര വിധിയും’ ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന് നല്‍കിയും വൃക്ഷ വൈജ്ഞാനികം അഡ്വ. ജെ.ആര്‍. പത്മകുമാറില്‍ നിന്ന് ഐഎന്‍ടിയുസി ദേശീയ നേതാവ് ആര്‍.എം. പരമേശ്വരന്‍ ഏറ്റുവാങ്ങിയും പ്രകാശനം ചെയ്തു. മേയര്‍ വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു.
കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ടിബിഎസ്, പൂര്‍ണബുക്‌സ് എന്‍.ഇ. മനോഹര്‍, വിജില്‍ ഹ്യൂമന്‍ റൈറ്റ്‌സ് തിരുവനന്തപുരം ചാപ്റ്ററിലെ അഡ്വ. രഞ്ജിത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















