കാസർകോട് : നാലത്തടുക്കയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനും അയൽവാസികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി കുടുംബം. വ്യാജ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും വനിതാ പോലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്തതെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ആത്മഹത്യക്ക് മുൻപായി തന്റെ ഭാഗം വിശദീകരിച്ച് യുവതി എടുത്ത വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നാലത്തടുക്ക സ്വദേശിനി 24 കാരിയായ ജസീലയെ കഴിഞ്ഞ ഞായറാഴ്ച വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് മരണം സംഭവിച്ചത്. ജസീലയ്‌ക്കെതിരെ സ്വർണമോഷണ കുറ്റം ആരോപിക്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അയൽക്കാരിൽ നിന്നും പേലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജസീല ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം.
അതേ സമയം ആത്മഹത്യക്ക് മുൻപായി ചിത്രീകരിച്ച വീഡിയോയിൽ ജസീല കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. അതിൽ പറയുന്നത് ഇങ്ങനെയാണ് ‘ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോൾഡ് മിസ്സായി. ഞാൻ എടുത്തുവെന്നാണ് പറയുന്നത്. ഞാൻ അങ്ങനെ ചെയ്തിട്ടുപോലുമില്ല. ഞാൻ ഏതൊക്കെയോ ചെക്കന്മാരുമായിട്ട് കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്കെ പറഞ്ഞുനടക്കുകയാണ് അവർ. വീട്ടിൽ ആർക്കും ഒരു സമാധാനവുമില്ല. ഞാൻ മരിച്ചാൽ ഇവർക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണ്? എന്നെ എന്തിനാ ഇങ്ങനെ നാണം കെടുത്തുന്നത്?’ – യുവതി വീഡിയോയിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ആദൂർ പോലീസാണ് യുവതിയെ ചോദ്യം ചെയ്‌തത്. ഇപ്പോൾ പോലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തുണ്ട്. പരാതി എഴുതിനൽകാൻ ശ്രമിച്ചപ്പോൾ പോലീസ് അതിന് സമ്മതിച്ചില്ല. യുവതി തന്നെയാണ് എടുത്തത് എന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ചോദ്യം ചെയ്യുമ്പോൾ വനിതാ പോലീസ് ഉണ്ടായിരുന്നില്ല. അപമാനിച്ച് ആ കുട്ടിയെ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിലാക്കി എന്നും ജസീലയുടെ ബന്ധു പറയുന്നത്.
ആദൂർ പോലീസിനെതിരെ വിദ്യാനഗർ പോലീസ് സ്റ്റേഷനിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. ജസീലയുടെ ആത്മഹത്യയ്‌ക്ക് പിന്നിൽ പോലീസ് നൽകിയ മാനസിക പീഡനം മൂലമാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം.
















