ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ പുന്നപ്ര സ്വദേശിനിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടർ ഷാഹിദയെ പ്രതി ചേർക്കും. നിലവിൽ ഡോക്ടർ ലളിതാംബിക മാത്രമാണ് പ്രതിയായിട്ടുള്ളത്. എന്നാൽ ശസ്ത്രക്രിയയിൽ ലളിതാംബിക പങ്കെടുത്തിട്ടില്ല എന്നാണ് നിഗമനം. പരാതിക്കാരിയുടെ മൊഴിയിൽ ലളിതാംബികയുടെ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പോലീസ് ശേഖരിച്ചിരുന്നു.
ചികിത്സാരേഖകളിൽ നിന്ന് ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് ഒൻപത് പേരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പോലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.
ആരോപണം ഉയർന്നതിന് പിന്നാലെ ഡോക്ടർ ഷാഹിദയെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് ഉണ്ടായിരുന്ന നഴ്സ് പി.എസ്. ധന്യയെയും സസ്പെൻഡ് ചെയ്തിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി
അതേസമയം, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴു സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും. നിലവിൽ ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ് ഉഷ.
















