തിരുവനന്തപുരം: വിമാനയാത്രികർക്ക് 10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് പലഹാരവും ലഭിക്കുന്ന ‘ഉഡാൻ യാത്രി കഫേ’ തിരുവനന്തപുരം വിമാനത്താവളത്തിൽ ആരംഭിച്ചു.
ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ രാജ്യാന്തര ടെർമിനലിലുമായി രണ്ട് കഫേകളാണ് തുറന്നത്. വിമാനയാത്രയും അനുബന്ധ സേവനങ്ങളും സാധാരണക്കാർക്കും ലഭ്യമാക്കുക എന്നത് മോദി സർക്കാരിന്റെ നയമായാണ് ഉഡാൻ പദ്ധതി നടപ്പാക്കിയതും ഇപ്പോൾ ‘ഉഡാൻ യാത്രി കഫേകൾ’ ആരംഭിച്ചതും.
തിരുവനന്തപുരം വിമാനത്താവളത്തിന് പു റമേ കോയമ്പത്തൂർ, സൂററ്റ്, മുംബൈ, മംഗളൂരു എന്നിവിടങ്ങളിലും ഉഡാൻ യാത്രി കഫേകൾ ഉദ്ഘാടനം ചെയ്തു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാംമോഹൻ നായിഡു കിഞ്ചരാപു കഫേകൾ ഉദ്ഘാടനം ചെയ്തു. 44 വിമാനത്താവളങ്ങൾക്കായി ഉഡാൻ യാത്രി കഫേ, സൗജന്യ വൈ-ഫൈ, ഡിജി യാത്ര, ഫ്ലൈബ്രറി, കിഡ്‌സ് സോണുകൾ എന്നിവയും സമർപ്പിച്ചു.
വിമാനത്താവളങ്ങളില്‍ ഒരു ചായയ്‌ക്ക് 250 രൂപയും ഒരു കുപ്പി വെള്ളത്തിന് 100 രൂപയുമാണ്. നേരത്തെ ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഉഡാന്‍ പദ്ധതി നടപ്പാക്കിയത്. അതുപോലെ കൂടിയ വില നല്കി ഭക്ഷണം വാങ്ങാനുള്ള ആഭ്യന്തര യാത്രക്കാരുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് ഉഡാന്‍ യാത്രി കഫെ ആരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. വാട്ടര്‍ ബോട്ടിലുകള്‍, ചായ, കാപ്പി, ലഘുഭക്ഷണം തുടങ്ങി അവശ്യ വസ്തുക്കള്‍ വരെ ഉഡാന്‍ യാത്രി കഫെയില്‍ നിന്ന് മിതമായ നിരക്കില്‍ ലഭ്യമാകും.
കോയമ്പത്തൂർ വിമാനത്താവളത്തിനായി 1.2 കോടി യാത്രക്കാരെ വാർഷിക ശേഷിയുള്ള ഒരു പുതിയ അത്യാധുനിക ടെർമിനൽ കെട്ടിടം കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. അവിടെ വികസിപ്പിച്ച സെക്യൂരിറ്റി ഹോൾഡ് ഏരിയ (SHA) ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
















