കൊച്ചി: പാവപ്പെട്ട രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കാശില്ലാത്ത സര്‍ക്കാര്‍, മൂന്നാം തുടര്‍ ഭരണമെന്ന മോഹത്തിനായി സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. നവകേരള സര്‍വേയുടെ പേരില്‍ പി.ആര്‍.ഡിയുടെ 20 കോടി രൂപ ഉപയോഗിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സന്നദ്ധപ്രവര്‍ത്തകരാക്കി വീടുവീടാന്തരം കയറി വോട്ട് പിടിക്കാന്‍ നിയോഗിച്ചു.
ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും, ഖജനാവിലെ പണമെടുത്ത് കോടികള്‍ ഫീസ് നല്‍കി അഭിഭാഷകരെ വെച്ച് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കിഫ്ബിയുടെ 150 കോടി രൂപയാണ് തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി മാത്രം ധൂര്‍ത്തടിക്കുന്നത്. ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ ഇത്തരം വഴിവിട്ട നീക്കങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കരുത്. ഭരണം മാറുമ്പോള്‍ ഇത്തരം തോന്നിവാസങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
















