തിരുവനന്തപുരം: 2026 ലെ ഐ ടി നയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രാജ്യത്തെ ഐടി വ്യവസായ കയറ്റുമതിയുടെ 10% വിഹിതമെങ്കിലും നേടുകയെന്നതാണ് സംസ്ഥാനത്തിന്‌റെ ലക്ഷ്യമെന്ന അവകാശവാദം നയരേഖയില്‍ ഉന്നയിക്കുന്നു. സ്വകാര്യ പങ്കാളിത്തത്തിലൂടെയും
വികേന്ദ്രീകൃത വളര്‍ച്ചയിലൂടെയും സംസ്ഥാനത്ത് ഐടി സ്ഥല ലഭ്യത മൂന്നിരട്ടിയാക്കും, ഒരു ഐപി അധിഷ്ഠിത വിജ്ഞാന വ്യവസായ ആവാസവ്യവസ്ഥ സൃഷ്ടിക്കും, ഐടിയിലും അനുബന്ധമേഖലകളിലുമായി കുറഞ്ഞത് 5,00,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും,ബഹിരാകാശം, ശൂന്യാകാശം, പ്രതിരോധം, ഇലക്ട്രോണിക്സ്, നിര്‍മ്മിത ബുദ്ധി , ക്വാണ്ടം കമ്പ്യൂട്ടിങ്, ജെനോമിക്‌സ് തുടങ്ങിയ ഉയര്‍ന്ന സാങ്കേതിക മേഖലകളില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ 5-10% വിഹിതം നേടും,സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയര്‍ത്തും തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ സര്‍ക്കാര്‍ മുന്നാട്ടു വയ്‌ക്കുന്നുണ്ട്.
കേരള ഇലക്ട്രോണിക്‌സ് & സെമികണ്ടക്ടര്‍ മിഷന്‍, കേരള എ ഐ മിഷന്‍ കേരള ഫ്യൂച്ചര്‍ ടെക് മിഷന്‍, ഡിജിറ്റല്‍ ട്രാന്‍സഫോര്‍മേഷന്‍ മിഷന്‍ എന്നിവയ്‌ക്ക് രൂപം നല്‍കും. ബഹിരാകാശ സാങ്കേതിക മേഖലയുടെ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഊര്‍ജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
2026 ലെ ഐ ടി നയരുപീകരണത്തിനായി സര്‍ക്കാര്‍ ഒരു സമിതി രൂപീകരിക്കുകയും കരട് നയത്തിന്‍മേല്‍ പൊതുജനാഭിപ്രായം തേടുകുയും ചെയ്തിരുന്നു.
















