കൊച്ചി : താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തടഞ്ഞു.ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആയിരുന്നു നിയമനം.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഉണ്ടായിരുന്ന ഹൈക്കോടതി വിലക്ക് മറികടന്നാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
വിവിധ സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ചോദ്യം ചെയ്ത ഹര്‍ജിയില്‍, ഇനിമേല്‍ സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന് കോടതി വിധി ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറിയും കക്ഷിയായ ഈ വിധിന്യായം നിലനില്‍ക്കുമ്പോള്‍ ആണ് ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ സ്ഥിരപ്പെടുത്താല്‍ ഉത്തരവുകള്‍ ഇറക്കിയത്.പുതിയ ഉത്തരവുകള്‍ ഇറക്കാന്‍ ഒരുങ്ങുന്നതും കോടതി അലക്ഷ്യം ആണെന്ന് കാട്ടി ഹര്‍ജിക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്.
പല തവണ സമയം അനുവദിച്ചിട്ടും സര്‍ക്കാര്‍ വിശദീകരണം കോടതിയില്‍ നല്‍കിയില്ല.ഈ പശ്ചാത്തലത്തിലാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടഞ്ഞു കൊണ്ട് ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉത്തരവ് പുറപ്പെടുവിച്ചത്.
















