തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിപണിയിലിറക്കുന്ന പുതിയ ബ്രാന്‍ഡിക്ക് ‘മലബാര്‍ മിസ്റ്ററി’ എന്ന് പേര്. പാലക്കാട് ചിറ്റൂര്‍ മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസിലാണ് മദ്യം ഉത്പാദിപ്പിക്കുന്നത്.
മലബാര്‍ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടനം ഈ മാസം 21ന് നടക്കും. ഈ ചടങ്ങില്‍ വെച്ചായിരിക്കും ബ്രാന്‍ഡിന്റെ ഔദ്യോഗികമായ പേര് പ്രഖ്യാപനം നടക്കുക.
മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാന്‍ ബെവ്കോ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ലഭിച്ച നാല്‍പ്പതിനായിരത്തോളം പേരുകളില്‍ നിന്ന് ‘മലബാര്‍ മിസ്റ്റ്’ എന്ന പേരാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങള്‍ കാരണം അത് മാറ്റുകയും എക്‌സൈസ് വകുപ്പ് നേരിട്ട് ‘മലബാര്‍ മിസ്റ്ററി’ എന്ന പേര് നിശ്ചയിക്കുകയുമായിരുന്നു.
അര ലിറ്റര്‍ ബോട്ടിലുകളിലാണ് ഈ മദ്യം വിപണിയിലെത്തുക. കുറഞ്ഞ വിലയിലായിരിക്കും മലബാര്‍ മിസ്റ്ററി ലഭ്യമാവുക എന്നാണ് വിവരം. ദിവസം 13,500 കെയ്സ് മദ്യം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്ലാന്റാണ് മേനോന്‍പാറയില്‍ ഉളളത്. മലമ്പുഴ ഡാമിലെ വെള്ളം ഉപയോഗിച്ചായിരിക്കും തുടക്കത്തില്‍ ഉത്പാദനം.
മദ്യത്തിന് പേരിടാന്‍ മത്സരം സംഘടിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ ഹൈക്കോടതി സ്റ്റേ നല്‍കി. തുടര്‍ന്നാണ് സര്‍ക്കാര്‍ തന്നെ പേരിട്ടത്.
















