തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ക്കെതിരെയാണ് കേസ്.
അതേസമയം, കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പാലോട് പന്നിയോട്ടുകടവുള്ള വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്.
സംഭവത്തില്‍, ആരോഗ്യവകുപ്പ് നിര്‍ദേശിച്ചപ്രകാരമുളള അന്വേഷണത്തിന്റെ ഭാഗമായി എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തി കുഞ്ഞിന്റെ അമ്മയുടെയും അച്ഛന്റെയും മൊഴി രേഖപ്പെടുത്തി. ഗൈനക്കോളജിസ്റ്റ് ഡോ ബിന്ദു സുന്ദറിനെതിരെയുള്ള ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇവര്‍. രണ്ടുതവണയായി കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഈ കാര്യങ്ങള്‍ വിദഗ്ധസമിതിക്കു മുന്നിലും മാതാപിതാക്കള്‍ അറിയിച്ചു. അന്വേഷണം റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യവകുപ്പിന് കൈമാറുമെന്നാണ് അറിയുന്നത്.
















