ന്യൂദൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പാർട്ടി നേതാക്കൾക്ക് വിയോജിപ്പുള്ള ശബ്ദങ്ങളെ നേരിടാൻ കഴിയുന്നില്ലെങ്കിൽ അത് പ്രധാന പ്രതിപക്ഷ പാർട്ടിക്ക് വിനാശകരം”ആണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ അത്തരമൊരു പാർട്ടിക്ക് ഭരിക്കാൻ അവകാശമില്ല. മതേതര ഇന്ത്യയ്‌ക്ക് മാത്രമേ നിലനിൽക്കാൻ കഴിയൂ എന്ന 1989 ലെ രാജീവ് ഗാന്ധിയുടെ പ്രസ്താവന രാഹുൽ ഗാന്ധി ആവർത്തിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിച്ചു.
അതേ സമയം കഴിഞ്ഞ ഞായറാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുകയും അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യത പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ മണിശങ്കർ അയ്യർ പാർട്ടിക്കെതിരെ ഒരു മുന്നണി തന്നെയാണ് തുറന്നത്. ഇതിനെത്തുടർന്ന് പാർട്ടിയുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ നിരസിച്ചു.
ചൊവ്വാഴ്ച അയ്യർ തന്റെ യൂട്യൂബ് ചാനലിൽ 23 മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതിൽ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കാലത്ത് കോൺഗ്രസിൽ വിയോജിപ്പുകളെ ബഹുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















