തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഇരുപതിനായിരത്തോളം അധ്യാപകരുടെ നിയമനം അനിശ്ചിതത്വത്തിലാക്കിയത് 1996ലെ ഭിന്നശേഷി നിയമപ്രകാരം 3 ശതമാനമായിരുന്ന സംവരണം 2017ല്‍ 4 ശതമാനമായി ഉയര്‍ത്തിയതോടെയാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ഇത് നടപ്പാക്കുന്നതില്‍ വലിയ കാലതാമസമുണ്ടായി. 2022ല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 1996 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാന്‍ ഉത്തരവിട്ടു. നിലവിലുള്ള അധ്യാപകരുടെ നിയമനത്തെ ബാധിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് വിധി വന്നതോടെ 2021ന് ശേഷം നിയമിതരായവര്‍ക്ക് ദിവസവേതനം മാത്രമായി ശമ്പളം ചുരുങ്ങി. എന്നാല്‍ എന്‍.എസ്.എസ്. നല്‍കിയ കേസില്‍ സുപ്രീം കോടതി, ഭിന്നശേഷി തസ്തികകള്‍ ഒഴിച്ചിട്ട് ബാക്കിയുള്ളവര്‍ക്ക് അപ്രൂവല്‍ നല്‍കാന്‍ ഉത്തരവിട്ടു. ഈ വിധിന്യായം മറ്റ് സമാന മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാമോ എന്ന് നിയമോപദേശം അന്ന് സര്‍ക്കാര്‍ തേടിയെങ്കിലും അനുകൂലമായ ഉപദേശമല്ല ലഭിച്ചത്. ഈ വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍ കേസ് ഏപ്രില്‍ 14 ലേയ്‌ക്ക് വീണ്ടും മാറ്റുകയുണ്ടായി.
അധ്യാപകര്‍ വര്‍ഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് നീതിയല്ലെന്ന് കണ്ട് രൂപീകരിച്ച ജില്ലാതല സമിതികള്‍ മുഖേനയുള്ള നിയമനത്തിന്റെ ആദ്യഘട്ടം 2026 ജനുവരി 24ന് പൂര്‍ത്തിയായി. രണ്ടാംഘട്ടം ആരംഭിച്ച സാഹചര്യത്തിലും ഡബ്ല്യൂ.പി.(സി) നമ്പര്‍ 12869/2025 ലെ വിധിന്യായത്തില്‍, എന്‍.എസ്.എസ് മാനേജ്മെന്റുകള്‍ക്ക് സുപ്രീം കോടതി അനുവദിച്ച ആനുകൂല്യത്തിന് ഹര്‍ജിക്കാരും അര്‍ഹരാണെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിലും സുപ്രീം കോടതിയില്‍ നിന്ന് എന്‍.എസ്.എസിനു ലഭിച്ച വിധിന്യായത്തിന്റെ ആനുകൂല്യം മറ്റു സമാന മാനേജമെന്റുകള്‍ക്കും നല്‍കുന്ന കാര്യത്തിലുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തേടിയിരുന്നു.
സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, ജയന്ത് മുത്തുജ് എന്നിവരുമായി ഈ വിഷയം സ്റ്റാന്റിംഗ് കൗണ്‍സില്‍ ചര്‍ച്ച ചെയ്തതിരുന്നുവെന്നാണ് മന്ത്രി ശിവന്‍കുട്ടി പറയുന്നത്. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുകളുടെ ഫലത്തിന് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിത തസ്തികകള്‍ മാറ്റി വെച്ചിട്ടുള്ള മറ്റ് മാനേജ്‌മെന്റുകളുടെ കീഴിലുള്ള സ്‌കൂളുകളിലും താത്കാലികമായി ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സര്‍ക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയുമെന്ന സീനിയര്‍ അഭിഭാഷകരുടെ അഭിപ്രായത്തിന്‍മേലാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാല്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷനുകള്‍ സമര്‍പ്പിച്ച 442 അധ്യാപകരുടെ റെഗുലറൈസേഷന്‍ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരെ നിര്‍ത്തിവയ്‌ക്കേണ്ടതാണെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
















