കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ തന്ത്രി കണ്ഠരര് രാജീവർക്ക് രണ്ടു കേസുകളിലും ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. സ്വർണക്കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും തെളിയിക്കാനായില്ല.
അറസ്റ്റിലായി നാൽപ്പത്തി ഒന്നാമത്തെ ദിവസമാണ് തന്ത്രിക്ക് ജാമ്യം കിട്ടുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലുമാണ് തന്ത്രിയെ പ്രതി ചേർത്തിരുന്നത്. ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ മറ്റൊന്നിലും ഇടപെട്ടിട്ടില്ലെന്ന് തന്ത്രി വാദിച്ചു. കേസിൽ കുടുക്കിയതാണെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും തന്ത്രി വാദിച്ചു.
എന്നാൽ തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർത്തു. തന്ത്രിയുടെ പേരിൽ 2 കോടി 5 ലക്ഷം രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം ഉണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു.
















