ന്യൂദല്‍ഹി: ഫ്രാന്‍സില്‍ സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ഉടന്‍ തുറന്നുപ്രവര്‍ത്തിക്കും. ചൊവ്വാഴ്ച ഇന്ത്യില്‍ എത്തിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ ധാരണയുണ്ടായത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവിനിമയവുമായി ബന്ധപ്പെട്ടാണ് ഈ കരാര്‍. “ഫ്രഞ്ചുകാരെ ഇന്ത്യന്‍ സംസ്കാരത്തിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി സ്വാമി വിവേകാനന്ദ സാംസ്കാരിക കേന്ദ്രം ഉടന്‍ ഫ്രാന്‍സില്‍ തുറക്കും”- മോദി പറഞ്ഞു.
മതങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ 1900ല്‍ ഫ്രാന്‍സില്‍ പോയ സന്യാസിയാണ് സ്വാമി വിവേകാനന്ദന്‍.1900ല്‍ സെപ്തംബര്‍ 3 മുതല്‍ 8 വരെയായിരുന്നു വിവേകാനന്ദന്‍ പാരീസില്‍ പങ്കെടുത്തത്. ചിക്കാഗോയിലെ ലോകമതപാര്‍ലമെന്‍റ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന് ശേഷം 1900ല്‍ വിവേകാനന്ദന്‍ വേദാന്തം പ്രചരിപ്പിക്കാനായി രണ്ടാമതും അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം മടങ്ങുമ്പോഴാണ് വിവേകാനന്ദന്‍ ഫ്രാന്‍സിലെ പാരീസില്‍ മതചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഇറങ്ങിയത്. പാരീസില്‍ നിന്നും വിവേകാനന്ദന്‍ അയച്ച കത്തുകളും പ്രശസ്തമാണ്. സിസ്റ്റര്‍ നിവേദിതയ്‌ക്കും അമേരിക്കയിലുള്ള സ്വാമി തുരീയാനന്ദയ്‌ക്കും അയച്ച കത്തുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്.
ഫ്രാന്‍സിലെ ഈഫല്‍ ടവറിന് മുന്‍പില്‍ നില്‍ക്കുന്ന സ്വാമിവിവേകാനന്ദന്റെ ചിത്രം പ്രശസ്തമാണ്. വിവേകാനന്ദന്റെ യൂറോപ്യന്‍ പര്യടനത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ കവര്‍ പേജ് ഈ ചിത്രമാണ്.
















