കണ്ണൂർ: വീട്ടു വരാന്തയിലിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു. പള്ളിയാംമൂല സ്വദേശി വി ശാന്ത (88) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. മകനായ പള്ളിയാംമൂല ലക്ഷംവീട് കോളനിയിൽ വി. സജീവൻ (58) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലായിരുന്നു ആക്രമണം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു ക്രൂര സംഭവം. വീട്ടുചെലവിനായി ശാന്ത സജീവനോട് പണം ചോദിച്ചിരുന്നു. ഇതിൽ പ്രകോപിതനായ സജീവൻ വീട്ടു വരാന്തയിൽ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ തൂക്കിയെടുത്ത് മുറ്റത്തേക്ക് എറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ശാന്തയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരച്ചിലിനൊടുവിൽ പ്രദേശത്തുനിന്ന് തന്നെ പിടികൂടുകയായിരുന്നു.
ടൗൺ സിഐ പിഎ ബിനു മോഹനാണ് ഇയാളെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്‌ച്ച ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















