തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടു പേർ മരിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. ഒരാൾ ചികിത്സയിലാണ്. ചടയമംഗലം നിലമേൽ സ്വദേശി ഷാജി(42), ഭാര്യ മാതാവ് റാഷിദ ബീവി(58) എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവർ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചത്.
ഭക്ഷണം കഴിച്ച ആറു പേരിൽ നാലു പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഷാജിയുടെ ഭാര്യ സജിമോൾ(39) പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്. വിഴിഞ്ഞം മുഹിയുദ്ദിൻ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന അസ്മാക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചുപോയവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മീൻ വിഭവമാണ് ഇവർ കഴിച്ചതെന്നാണ് പ്രാഥമിക വിവരം.
ഷാജി കുടുംബവുമൊത്താണ് ഹോട്ടലിലെത്തിയത്. ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഉടനെ ഛർദ്ദി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന നടത്തുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.
















