തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും വീണ്ടും കുരുക്കായി ശബരിമല യുവതീ പ്രവേശം. തെരഞ്ഞെടുപ്പു പടിവാതിലിലെത്തിയപ്പോള്‍ കിട്ടിയ കനത്ത പ്രഹരം, എങ്ങനെ പരിഹരിക്കാമെന്നു തലങ്ങും വിലങ്ങും ചിന്തിക്കുകയാണ് പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും മന്ത്രിമാരും. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണോ യുവതീ പ്രവേശത്തിനൊപ്പം നില്‍ക്കണോഎന്നാണു വെല്ലുവിളി. യുവതീ പ്രവേശനം വേണമെന്ന നിലപാടെടുത്താല്‍ സാമുദായിക സംഘടനകളെ പിണക്കേണ്ടി വരും. മറിച്ചാണെങ്കില്‍ പാര്‍ട്ടി പ്രത്യയ ശാസ്ത്രത്തിനു വിരുദ്ധവും.
സുപ്രീം കോടതി വിധി അടിസ്ഥാനത്തില്‍ യുവതികളെ മല കയറ്റാന്‍ കാണിച്ച ആവേശമൊന്നും ഇന്നലെ മന്ത്രിമാരിലും നേതാക്കളിലും കണ്ടില്ല.
ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയത് മുഖ്യമന്ത്രിയെ വെട്ടിലാക്കിയുള്ള പ്രസ്താവന. പാര്‍ട്ടിയുടെ നിലപാടായിരിക്കില്ല സര്‍ക്കാരിനെന്നാണ് ഗോവിന്ദന്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയത്. യുവതീ പ്രവേശമാണോ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് കോടതി എന്തു തീരുമാനിക്കുന്നുവോ അതു നടപ്പാക്കുകയെന്നതാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയമെന്നും, യുവതികളെ പ്രവേശിപ്പിക്കണോ വേണ്ടയോയെന്ന ചോദ്യത്തിന് ഒന്നും മാറ്റമില്ലാത്തതല്ല എന്നുമായിരുന്നു മറുപടി.
യുവതീ പ്രവേശത്തില്‍ മാര്‍ച്ച് 14ന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. സുപ്രീം കോടതി നിര്‍ദേശം വന്നയുടനെ എന്‍എസ്എസും എസ്എന്‍ഡിപിയും നിലപാടു വ്യക്തമാക്കി.
സര്‍ക്കാര്‍ തിരുത്തേണ്ടതു തിരുത്തണം, ജനവികാരം സര്‍ക്കാര്‍ കണ്ടതാണല്ലോയെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്തരുതെന്ന് പിണറായി വിജയന്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച നവോത്ഥാന മുന്നണി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറയുന്നു. തെരഞ്ഞെടുപ്പുകാലത്ത് ആര് പറയുന്നതു കേള്‍ക്കണമെന്ന് അറിയാതെ സിപിഎം കുഴങ്ങും. അതിനാലാണ് നിയമ മന്ത്രി പി. രാജീവ് സത്യവാങ്മൂലം നല്കാന്‍ സമയമുണ്ടല്ലോയെന്നു പറഞ്ഞ് തടി തപ്പിയത്.
സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും തീവ്ര പരിഷ്‌കരണ വാദിയായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എന്തു നിലപാടു സ്വീകരിക്കുമെന്നും സംസ്ഥാന നേതൃത്വം ഉറ്റുനോക്കുന്നുണ്ട്.
















