തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്ത പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരായ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസ് പിന്‍വലിച്ചേക്കും. എന്നാല്‍ ഇയാള്‍ക്കെതിരായി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതില്‍ വീഴ്ചയില്ലെന്നാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
ആക്രമണത്തിനിരയായെന്ന് കാട്ടി മിഥുന്‍ റോയി ആണ് ആദ്യം വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ നാല് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മറ്റ് രണ്ട് പേരെ പിടികൂടിയിട്ടുമില്ല.
എന്നാല്‍ മിഥുന്‍ റോയ് ഇടിവള ഉപയോഗിച്ച് ആക്രമിച്ചെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ പരാതിനല്‍കി.ഇടിവള ഉപയോഗിച്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ നേരിടുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ആക്രമണത്തിനിരയായ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് സേനയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.മിഥുന്‍ റോയിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതി ചേര്‍ത്തിരുന്നു.എന്നാല്‍ അന്വേഷണത്തില്‍ കൃത്യത വരുത്തുന്നതിനാണ് കേസെടുത്തതെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്.
















