തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ ആള്‍ക്കാരെ പാര്‍ട്ടിയിലെത്തിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ നടപടിക്ക് വിധേയരായവരെയും അസംതൃപ്തരായവരെയുമാണ് ലക്ഷ്യമിടുന്നത്.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറി ആയിരുന്ന സുരേഷ് കോണ്‍ഗ്രസില്‍ എത്തുമെന്നാണ് അറിയുന്നത്.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ചൊവ്വാഴ്ച പാലക്കാടെത്തുമ്പോള്‍ പങ്കെടുക്കാന്‍ സുരേഷിനെ കെ പി സി സി നേതൃത്വം ക്ഷണിച്ചിട്ടുണ്ട്. സുരേഷിനെ മലമ്പുഴയില്‍ യു ഡി എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടതിന്റെ അതൃപ്തിയിലായ നടന്‍ പ്രേംകുമാര്‍ ചൊവ്വാഴ്ച നടക്കുന്ന സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ പങ്കെടുക്കും.കോട്ടയം നാഗമ്പടത്താണ് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടി. നടനെ അനുനയിപ്പിക്കാന്‍ സി പി എം ശ്രമമുണ്ടെങ്കിലും വിജയിച്ചില്ല. ആശ സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചതിനാണ് പ്രേംകുമാറിനെതിരെ ആറ് മാസം മുമ്പ് നടപടിയെടുത്തത്. എന്നാല്‍ അടുത്തിടെ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിതാന്ദന്‍, ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാകരുതെന്ന് പറഞ്ഞെങ്കിലും നടപടി ഉണ്ടാകാത്തത് ഇരട്ടനീതിയാണെന്ന് പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്ന് നടനെ മത്സരിപ്പിക്കാനാണ് നീക്കം.
അതിനിടെ, സി പി ഐക്കാരനും താര സംഘടന അമ്മയുടെ വൈസ് പ്രസിഡന്റുമായ നടന്‍ ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസില്‍ എത്തുമെന്നും സൂചനയുണ്ട്.
















