കോഴിക്കോട്: സിപി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് ജാഥയിൽ പെൻഷൻ പണം നൽകിയത് പാർട്ടിക്കാർ പറഞ്ഞിട്ടെന്ന് ബാലുശേരി സ്വദേശി മൊയ്തീൻ. പണം പിന്നീട് തിരിച്ചുനൽകുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞ പോലെ പണം തിരിച്ചു കിട്ടിയെന്നും മൊയ്തീൻ പറഞ്ഞു.
താൻ മനസറിഞ്ഞ് നൽകിയതല്ല പണമെന്നും, ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും വയോധികനായ മൊയ്തീൻ പറഞ്ഞു. മൊയ്തീൻ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയം പ്രദേശവാസിയായ ഒരാളാണ് സത്യം തുറന്നുപറയുന്നതിന്റെ വീഡിയോ പകർത്തിയത്. പെൻ ഷനായി കിട്ടിയ രണ്ടായിരം രൂപ സ്റ്റേജിൽ വച്ച് പണം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നൽകാൻ ജില്ലാ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നുവെന്നും മൊയ്തീൻ പറയുന്നു.
എം.വി. ഗോവിന്ദന് പെൻഷൻ പണം നൽകുന്ന മൊയ്തീന്റെ വീഡിയോ ഇടത് സോഷ്യൽ മീഡിയ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പെൻഷൻ കിട്ടിയ പണമാണ്, അടുത്ത തവണ യുഡിഎഫ് വന്നാൽ ഇത് കിട്ടില്ല, എൽഡിഎഫ് തന്നെ വീണ്ടും വരണമെന്ന് പറഞ്ഞുകൊണ്ടാണ് പെൻഷൻ പണം മൊയ്തീൻ എം.വി. ഗോവിന്ദന് നൽകിയത്. എന്നാൽ, പണം വാങ്ങിയതായി കൂട്ടിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് എം.വി. ഗോവിന്ദൻ നൽകിയ പണം തിരികെ മൊയ്തീന്റെ പോക്കറ്റിൽ തന്നെ ഇടുന്നതും വീഡിയോയിൽ കാണാം.
പെൻഷൻ തരുന്ന സർക്കാർ തുടരണം എന്ന് പ്രചരിപ്പിക്കാനായി ഇട്ട റീൽ സിപിഎമ്മിനെ തിരിഞ്ഞ് കൊത്തുന്ന കാഴ്ചയാണ് നിലവിലുള്ളത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ പൊളിഞ്ഞെന്ന് പറഞ്ഞ് സൈബറിടത്തിൽ വ്യാപകമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്.
















