ബ്രസൽസ് : ആഗോള എഐ ചർച്ചകൾക്ക് ആതിഥ്യമരുളാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യയാണെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂദൽഹിയിൽ നടക്കുന്ന ‘ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026 ന് മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോള കാര്യങ്ങളിൽ സ്വാധീനം വർദ്ധിച്ചുവരുന്ന, വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയെ എഐ ഉച്ചകോടി നടത്താൻ അദ്ദേഹം അഭിനന്ദിച്ചു. എഐ സാങ്കേതികവിദ്യ ഏതാനും വികസിത രാജ്യങ്ങളിലൊ രണ്ട് വൻശക്തികളിലൊ (അമേരിക്ക, ചൈന) മാത്രം ഒതുങ്ങിനിൽക്കാൻ പാടില്ലെന്നും അതിന്റെ ഗുണഫലങ്ങൾ എല്ലാവരിലും എത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ പൈതൃകത്തെയും വൈവിധ്യത്തെയും അദ്ദേഹം പ്രശംസിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗുട്ടെറസ് ഇന്ത്യ സന്ദർശിക്കുന്നുണ്ട്.
അതേ സമയം ഗ്ലോബൽ സൗത്തിൽ ഇത്രയും വലിയ തോതിൽ നടക്കുന്ന ആദ്യ എഐ ഉച്ചകോടിയാണിത്. ‘മനുഷ്യർ, ഭൂമി, പുരോഗതി എന്നതാണ് ഇത്തവണത്തെ പ്രമേയം. ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എന്നിവർക്കൊപ്പം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, അഡോബി സിഇഒ ശാന്തനു നാരായണൻ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.
















