സേവാ തീര്‍ത്ഥത്തിന്റെ വാതില്‍ തുറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപം തെളിയിച്ചപ്പോള്‍ സമൃദ്ധവും സുശക്തവും സ്വാശ്രയവുമായ വികസിത ഭാരതത്തിലേക്കുള്ള ഐതിഹാസിക യാത്രയിലെ പുതിയൊരു അധ്യായത്തിന് കൂടി ശുഭാരംഭം കുറിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കില്‍ നിന്ന് മാറുമ്പോള്‍ പേരിലും കെട്ടിടത്തിലും മാത്രമല്ല, മനോഭാവത്തിലും പ്രവൃത്തിയിലും എല്ലാം ആ മാറ്റം പ്രകടമാവുന്നു. നാഗരിക് ദേവോഭവ എന്ന സന്ദേശം സേവാ തീര്‍ത്ഥം എന്ന പേരിനൊപ്പം കെട്ടിടത്തില്‍ മാത്രമല്ല, 140 കോടി ജനങ്ങളുടെ മനസ്സിലേക്കുമാണ് പകരുന്നത്.
പുതിയ ഓഫീസില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഒപ്പുവെച്ച ഫയലുകള്‍ സേവാ തീര്‍ത്ഥം എന്താകണമെന്നും എന്താകുമെന്നും വ്യക്തമാക്കുന്നു. സൗത്ത് ബ്ലോക്കില്‍ വെള്ളിയാഴ്ച അവസാന കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്നാണ് പ്രധാനമന്ത്രി സേവാ തീര്‍ത്ഥത്തിലെ ഓഫീസില്‍ പ്രവേശിച്ചത്. പുതിയ ഓഫീസിലെ ആദ്യമണിക്കൂറില്‍ ചരിത്രം കുറിച്ച തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയുള്ള ഫയലുകളിലാണ് പ്രധാനമന്ത്രി ഒപ്പുവെച്ചത്. കര്‍ഷകര്‍, പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കായുള്ള സുപ്രധാന തീരുമാനങ്ങളാണ് ഈ ഫയലുകളില്‍ ഉണ്ടായിരുന്നത്.
റോഡ് അപകടം: വൈദ്യസഹായം ഉറപ്പാക്കല്‍
റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ പണരഹിത ചികിത്സ ഉറപ്പാക്കുന്ന പിഎം രാഹത് (പ്രധാനമന്ത്രി റോഡ് ആക്സിഡന്റ് വിക്റ്റിംസ് ഹോസ്പിറ്റലൈസേഷന്‍ ആന്‍ഡ് അഷ്വേര്‍ഡ് ട്രീറ്റ്മെന്റ്) പദ്ധതിക്ക് അംഗീകാരം നല്‍കുന്ന ഫയലിലാണ് പ്രധാനമന്ത്രി ആദ്യം ഒപ്പുവെച്ചത്. റോഡ് അപകടത്തില്‍പ്പെട്ട ഏതൊരാള്‍ക്കും പദ്ധതിയിലൂടെ ഉടനടി വൈദ്യസഹായം ഉറപ്പാക്കുന്നു. അടിയന്തര വൈദ്യസഹായം ലഭിക്കാത്തതുമൂലം ആരുടേയും ജീവന്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുന്നു.
ആറ് കോടി ലഖ്പതി ദീദിമാര്‍
സ്ത്രീ ശാക്തീകരണത്തിനുള്ള മോദി സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയായ ലഖ്പതി ദീദിയുടെ ലക്ഷ്യം 2029ല്‍ ആറ് കോടിയായി ഉയര്‍ത്തുന്ന ഫയലിലും പ്രധാനമന്ത്രി ഒപ്പുവച്ചു. 2027 ല്‍ മൂന്നു കോടി വനിതകളെ ലക്ഷാധിപതികളായി ഉയര്‍ത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഈ തീരുമാനത്തിലുടെ ലക്ഷ്യം ഇരട്ടിയാക്കി. ഗ്രാമീണ മേഖലയിലെ വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിനായി വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിലധികമായി ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു മാസത്തില്‍ ശരാശരി 10,000ത്തിലധികം വരുമാനം ഉറപ്പാക്കുന്നു. ഇതിനായി നൈപുണ്യ പരിശീലനം, വായ്‌പാ സൗകര്യങ്ങള്‍, സാങ്കേതിക സഹായം, വിപണി സൗകര്യം എന്നിവ ലഭ്യമാക്കുന്നു. സ്വയംസഹായസം
ഘങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
കര്‍ഷകര്‍ക്ക് ഉറച്ച പിന്തുണ
കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് വായ്‌പ ലക്ഷ്യം ഒരു ലക്ഷം കോടിയില്‍ നിന്ന് രണ്ട് ലക്ഷം കോടി രൂപയാക്കുന്നതാണ് പ്രധാനമന്ത്രി കൈക്കൊണ്ട മൂന്നാമത്തെ തീരുമാനം. രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഇത് നിലവില്‍ കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്‌ക്കും മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. വികസിത ഭാരതം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിന് കാര്‍ഷിക മേഖലയ്‌ക്കും സുപ്രധാന പങ്ക് വഹിക്കാനുണ്ട്. ഭാരതത്തിന്റെ ദേശീയ വരുമാനത്തിന്റെ ഏകദേശം അഞ്ചിലൊന്ന് സംഭാവന ചെയ്യുന്നത് കൃഷിയും അനുബന്ധ മേഖലകളുമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച ഉറപ്പാക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കാര്‍ഷികരംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കാര്‍ഷിക അസംസ്‌കൃത വസ്തുക്കളുടെ ഗുണമേന്മ വര്‍ധിപ്പിക്കല്‍, യന്ത്രവത്കരണം, വിപണി പിന്തുണ, വിള ഇന്‍ഷുറന്‍സ്, വായ്‌പാ സൗകര്യം എന്നിവ കാര്‍ഷിക മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.
സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കുതിച്ചുചാട്ടം
സ്റ്റാര്‍ട്ടപ്പുകളുടെ വികസനം ലക്ഷ്യമിടുന്ന 10,000 കോടി രൂപ മൂലധനമുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 2.0 പദ്ധതിക്കും പ്രധാനമന്ത്രി സേവാ തീര്‍ത്ഥിലെ ആദ്യ മിനിറ്റുകളില്‍ അംഗീകാരം നല്‍കി. 2016ല്‍ മോദി സര്‍ക്കാര്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഫണ്ട് ഓഫ് ഫണ്ട്സ് 1.0 പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. രാജ്യത്തുണ്ടായിരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2016 ലെ 500 ല്‍ നിന്ന് 2026ല്‍ രണ്ട് ലക്ഷത്തില്‍ അധികമായി ഉയര്‍ന്നു. 2025ല്‍ മാത്രം 49,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയില്‍ കൂടുതല്‍ കുതിച്ചുചാട്ടം ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതി. യുവാക്കള്‍ക്ക് കൂടൂതല്‍ തൊഴിലിനും ഊന്നല്‍ നല്‍കുന്നു.
അടിമുടി വികസിത ഭാരത ദര്‍ശനം
സേവാതീര്‍ത്ഥത്തിലെ ഓരോ ഫയലുകളും തീരുമാനങ്ങളും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഓഫീസിലെ ആദ്യ തീരുമാനങ്ങള്‍ നാഗരിക് ദേവോ ഭവയുടെ ആത്മാവിനെ വീണ്ടും ഉറപ്പിക്കുകയും വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ദര്‍ശനത്തിന് കരുത്തേകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യാനന്തരം രാജ്യത്തിനായുള്ള പല സുപ്രധാന തീരുമാനങ്ങളും നയങ്ങളും സൗത്ത് ബ്ലോക്ക്, നോര്‍ത്ത് ബ്ലോക്ക് തുടങ്ങിയ കെട്ടിടങ്ങളില്‍ നിന്നാണ് ഉണ്ടായതെങ്കിലും, ഈ നിര്‍മിതികള്‍ ഭാരതത്തെ നൂറ്റാണ്ടുകളോളം അടിമത്തത്തില്‍ തളച്ചിടാന്‍ ഉദ്ദേശിച്ചുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതീകങ്ങളായാണ് നിര്‍മിക്കപ്പെട്ടതെന്നും പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന സേവാതീര്‍ത്ഥും ഒന്ന്, രണ്ട് കര്‍ത്തവ്യഭവനുകളുമാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത്. ആധുനിക സാങ്കേതിക വിദ്യയ്‌ക്കൊപ്പം ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന രീതിയിലാണ് കെട്ടിടങ്ങളുടെ നിര്‍മാണം. അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് കെട്ടിടങ്ങളില്‍ ഒന്നായ സേവാതീര്‍ത്ഥം ഒന്നിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സേവാതീര്‍ത്ഥം രണ്ട്, മൂന്ന് കെട്ടിടങ്ങള്‍ കാബിനറ്റ് സെക്രട്ടേറിയറ്റിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിന്റെയും പുതിയ ആസ്ഥാനങ്ങളാണ്. ധനമന്ത്രാലയം, പ്രതിരോധമന്ത്രാലയം, ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം, കോര്‍പറേറ്റ് കാര്യമന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, വാര്‍ത്താ വിനിമയ-പ്രക്ഷേപണ മന്ത്രാലയം, കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം, രാസവസ്തു-രാസവള മന്ത്രാലയം, ഗോത്രവര്‍ഗ മന്ത്രാലയം എന്നിവയുള്‍പ്പെടെയുള്ള പ്രധാന മന്ത്രാലയങ്ങള്‍ ഒന്ന്, രണ്ട് കര്‍ത്തവ്യ ഭവനുകളിലായി പ്രവര്‍ത്തിക്കും.
കര്‍ത്തവ്യഭവന്‍ ഒന്ന്, രണ്ട് കെട്ടിട സമുച്ചയങ്ങളില്‍ ഡിജിറ്റല്‍ സംയോജിത ഓഫീസുകള്‍, ചിട്ടയായ പബ്ലിക് ഇന്റര്‍ഫേസ് സോണുകള്‍, കേന്ദ്രീകൃത റിസപ്ഷന്‍ സൗകര്യങ്ങള്‍ എന്നിവയുണ്ട്. ഈ സവിശേഷതകള്‍ സഹകരണം, കാര്യക്ഷമത, തടസമില്ലാത്ത ഭരണം, മെച്ചപ്പെട്ട പൗരസമ്പര്‍ക്കം, ജീവനക്കാരുടെ ക്ഷേമം എന്നിവ വളര്‍ത്തും. ഫോര്‍ സ്റ്റാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ സമുച്ചയങ്ങളില്‍ പുനരുപയോഗ ഊര്‍ജ്ജ സംവിധാനങ്ങള്‍, ജലസംരക്ഷണ സൗകര്യങ്ങള്‍, മാലിന്യ സംസ്‌കരണ പരിഹാരങ്ങള്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള കെട്ടിട ഘടന എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നടപടികള്‍ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി ആഘാതം ഗണ്യമായി കുറയ്‌ക്കും. കെട്ടിട സമുച്ചയങ്ങളില്‍ സ്മാര്‍ട്ട് ആക്സസ് കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍, നിരീക്ഷണ ശൃംഖലകള്‍, നൂതന അടിയന്തര പ്രതികരണ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി സമഗ്രമായ സുരക്ഷാ ചട്ടക്കൂടുകളും ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും പ്രാപ്യവുമായ അന്തരീക്ഷം ഉറപ്പാക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട നോര്‍ത്ത് – സൗത്ത് ബ്ലോക്കുകള്‍ രാജ്യത്തിന്റെ യാത്രയില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ട കേന്ദ്രങ്ങളായിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്രമോദി വരെ നീളുന്ന രാജ്യത്തെ പ്രധാനമന്ത്രിമാര്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത് സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു. ഭരണപരമായ പ്രവര്‍ത്തനങ്ങളെ ആധുനികവും ഭാവിയിലേക്ക് സജ്ജമാക്കിയതുമായ സമുച്ചയങ്ങള്‍ക്ക് കീഴില്‍ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് പുതിയ കെട്ടിട സമുച്ചയങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അടിമത്തത്തിന്റെ എല്ലാ അവശേഷിപ്പുകളും ഉപേക്ഷിച്ചുകൊണ്ടാകണം വികസിത ഭാരതത്തിലേക്കുള്ള യാത്രയെന്ന തീരുമാനവും ഈ മാറ്റത്തിന് പിന്നിലുണ്ട്. വികസിത ഭാരതമെന്ന ദര്‍ശനം നയങ്ങളിലും പദ്ധതികളിലും മാത്രമല്ല, ജോലി സ്ഥലങ്ങളിലും കെട്ടിടങ്ങളിലും വരെ പ്രതിഫലിക്കുന്നു.
















