കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലാ റിംഗ് റോഡ് വികസന വാഗ്ദാനവുമായി കോണ്‍ഗ്രസ് (എം) ചെയര്‍മാനും എംപിയുമായ ജോസ് കെ മാണി വീണ്ടും രംഗത്തെത്തി. പാലാ പൊന്‍കുന്നം സംസ്ഥാനപാതയിലെ പന്ത്രണ്ടാം മൈല്‍ ഭാഗത്ത് നിന്ന് ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്‌കൂള്‍ ജംഗ്ഷന്‍ വഴി പൂഞ്ഞാര്‍ റോഡിലെ ചെത്തിമറ്റത്ത് എത്തിച്ചേരുന്ന റോഡ് പദ്ധതി ഒരു പതിറ്റാണ്ടായി ദേ വരുന്നു എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഒന്നാണ്. ഇതിനായി മീനച്ചിലാറിനു കുറുകെ ചെത്തിമറ്റത്ത് പണിത കളരിയമ്മാക്കല്‍ പാലം എട്ടു വര്‍ഷമായി അപ്രോച്ച് റോഡില്ലാതെ കിടക്കുകയാണ്. ആളുകള്‍ ഏണിവച്ചാണ് പാലത്തില്‍ കയറി അക്കരെ കടക്കുന്നത്. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന വാഗ്ദാനങ്ങള്‍ ഉണ്ടായി. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അത് അവഗണിക്കുകയായിരുന്നു .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ. മാണി പരാജയപ്പെടുകയും യുഡി എഫിലെ മാണി സി കാപ്പന്‍ വിജയിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലുള്ള വടംവലിയുടെ ബലിയാടായി മാറി ഈ പദ്ധതി. മാണി സി കാപ്പന്‌റെ പിടിപ്പുകേടാണ് പദ്ധതി നടപ്പാകാത്തതിനു കാരണമെന്ന് ഇതുവരെ പറഞ്ഞിരുന്ന ജോസ് കെ. മാണി തന്നെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതെങ്കിലും യാഥാര്‍ത്ഥ്യമാകുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് പാലാക്കാര്‍.
പാലാ റിംഗ് റോഡിന്റെ രണ്ടാം റീച്ച് നിര്‍മാണത്തിന് ആവശ്യമായ സ്ഥലമേറ്റെടുക്കലിന് കിഫ്ബി വഴി ആദ്യഗഡുവായി അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായാണ് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.
















