കോട്ടയം : കേന്ദ്രപദ്ധതിക്ക് പാരവയ്‌ക്കുന്ന സംസ്ഥാന സര്‍ക്കാരിന്‌റെ വികസന വിരുദ്ധ നയത്തിനെതിരെ എന്‍ കെ പ്രേമചന്ദ്രനു പിന്നാലെ മറ്റൊരു എംപി കൂടി രംഗത്ത്.
കോട്ടയം കടുത്തുരുത്തിയില്‍ കേന്ദ്രീയ വിദ്യാലയത്തിനായി കെട്ടിടം നിര്‍മ്മിക്കാനായി 30 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ വിമുഖത കാട്ടുകയാണെന്നാണ് കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ് ആരോപിക്കുന്നത്. സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാത്തതു മൂലം കഴിഞ്ഞ വര്‍ഷം പ്രവേശന നടപടികള്‍ പ്രതിസന്ധിയിലായിരുന്നു. പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനോട് ആഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം അഡ്മിഷന്‍ നടത്താന്‍ അനുമതി ലഭിച്ചത്. അടുത്ത അദ്ധ്യയന വര്‍ഷത്തിലും അഡ്മിഷന്‍ തുടരണമെന്ന് എം.പി കഴിഞ്ഞ ദിവസവും കേന്ദ്ര മന്ത്രിയെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.
2015-16 വര്‍ഷത്തില്‍ കടുത്തുരുത്തിയില്‍ ആരംഭിച്ച കേന്ദ്രീയ വിദ്യാലയം ഇപ്പോള്‍ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കെട്ടിടത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ 30 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് 8 ഏക്കര്‍ സ്ഥലം വാങ്ങി കൈമാറിയിട്ടുമുണ്ട്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‌റെ പേരിലാണ് കെട്ടിട നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ നടത്താത്തത്. എന്നാല്‍ സംസ്ഥാന മന്ത്രിസഭയ്‌ക്ക് ഇക്കാര്യത്തില്‍ അനുമതി നല്‍കാവുന്നതേയുള്ളൂ.
ഇതിനായി മുഖ്യമന്ത്രിയെയും റവന്യൂ, കൃഷി എന്നീ മന്ത്രിമാരെയും എം.പി.യും നിരവധി പ്രാവശ്യം നേരിട്ട് കണ്ട് ചര്‍ച്ച നടത്തുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണെന്നാണ് ആക്‌ഷേപം.
















