തന്നോട് ഗായിക കെ എസ് ചിത്ര ഫോട്ടോ ചോദിച്ചിരുന്നതായി റാപ്പർ വേടൻ. മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിനു ശേഷം രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് വേടൻ ഇക്കാര്യം പറഞ്ഞത്. രഞ്ജിനി ഹരിദാസിന്റെ ദി ഗ്രീന്‍ റൂം എന്ന ഷോയിലാണ് വേടന്‍ അതിഥിയായി എത്തിയത്.
‘ ആദ്യമായിട്ടാണ് ഒരു ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റിന് സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. അച്ഛന്‍ വലിയ സന്തോഷത്തിലാണെന്ന് പിറ്റേന്ന് വീട്ടില്‍ നിന്ന് വിളിച്ചുപറഞ്ഞു. അന്ന് മമ്മൂട്ടിയുടെ നെഞ്ചത്ത് ഒരു ഉമ്മ കൊടുത്തു. എനിക്ക് എന്റെ വികാരം കണ്‍ട്രോള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ വീഡിയോ വന്നിട്ടുണ്ട്.
കഴിഞ്ഞദിവസം ഞാന്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് ചിത്ര ചേച്ചിയെ കണ്ടു. ഞാന്‍ പൂച്ചക്കുട്ടിയെ പോലെ നില്‍ക്കുകയാണ്. എനിക്ക് വലിയ സന്തോഷമായി. കാരണം പുള്ളിക്കാരിക്ക് എന്നെ അറിയാം. എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടപ്പോള്‍ അടുത്ത് ചെന്ന് അമ്മാ, നമസ്‌കാരം ഞാന്‍ വേടനാണ്, ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് എന്നു പറഞ്ഞ് തീരുന്നതിനു മുന്‍പ് നീ വേടന്‍ അല്ലെ എന്ന് ഇങ്ങോട്ട് ചോദിച്ചു. പുള്ളിക്കാരിക്ക് എന്നെ അറിയാം.
എനിക്കൊരു ഫോട്ടോ തരാമോ എന്ന് ചിത്രചേച്ചി ചോദിച്ചു. ഞാന്‍ അങ്ങോട്ട് ഫോട്ടോ ചോദിക്കാനിരിക്കുകയായിരുന്നു. ഞാന്‍ ശരിക്കും ഒരു പൂച്ചക്കുട്ടിയെ പോലെയായി ചിത്രചേച്ചിയുടെ അടുത്ത് വന്നിരുന്നു. അപ്പോള്‍ തന്നെ കണ്ണാളനെ എന്ന് പാട്ട് വെച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമിട്ടു.‘ എന്നും വേടൻ പറഞ്ഞു.
















