ദിബ്രുഗഡ്: അസമിലെ മൊറാനിൽ സി-130ജെ സൂപ്പർ ഹെർക്കുലീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ലാൻഡിംഗ്. വടക്ക് കിഴക്കൻ മേഖലയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ അടിയന്തര ലാൻഡിംഗ്. വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റിയും വികസനവും ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തന്ത്രപരമായ സൗകര്യങ്ങളുടെ പരിശോധനയും ഉൾപ്പെടെയുള്ള ഉന്നത പരിപാടികൾക്കായാണ് പ്രധാനമന്ത്രിയെത്തിയത്.
ചബുവ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന്, നാഷണൽ ഹൈവേ-37 ൽ ദിബ്രുഗഡിലെ മൊറാൻ ബൈപാസിലെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ (ELF) രാവിലെ 10.51 ഓടെ പ്രധാനമന്ത്രി വിമാനമിറങ്ങി. തുടർന്ന് യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുന്ന എയർഷോയും അദ്ദേഹം കണ്ടു. മൊറാൻ ബൈപാസിൽ വ്യോമസേനയുടെ സുഖോയ് സു-30എംകെഐ, റാഫേൽ യുദ്ധവിമാനങ്ങൾ നടത്തിയ ടച്ച്-ആൻഡ്-ഗോ അഭ്യാസങ്ങൾ പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നു.
എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി വടക്കുകിഴക്കൻ ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണ്. അടിയന്തര ഘട്ടങ്ങളിൽ സൈനിക, സിവിൽ വിമാനങ്ങളുടെ ലാൻഡിംഗ്, ടേക്ക് ഓഫ് എന്നിവയെ പിന്തുണയ്‌ക്കുന്നതിനായി ഇന്ത്യൻ വ്യോമസേനയുമായി സഹകരിച്ചാണ് ഇത് പ്രത്യേകം രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലെ പ്രകൃതി ദുരന്തങ്ങളോ തന്ത്രപരമായ ആവശ്യങ്ങളോ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിൽ വിന്യസിക്കാൻ ഇത് പ്രാപ്തമാക്കും. അടിയന്തര ആവശ്യങ്ങളിൽ ഇത് ഒരു നിർണായക ആസ്തിയായി വർത്തിക്കും.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും സമയബന്ധിതമായി വിന്യസിക്കാൻ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി സഹായകമാകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. 100 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇഎൽഎഫ്, മൊറാൻ ബൈപാസിലെ 4.2 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ്. ഇഎൽഎഫ് 40 ടൺ വരെ ഭാരമുള്ള യുദ്ധവിമാനങ്ങളും പരമാവധി ടേക്ക്-ഓഫ് ഭാരമുള്ള 74 ടൺ വരെ ഭാരമുള്ള ഗതാഗത വിമാനങ്ങളും കൈകാര്യം ചെയ്യാൻ ഇവിടം പ്രാപ്തമാണ്.
ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള, ഗുവാഹത്തിയെ വടക്കൻ ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന പാലം ഉൾപ്പെടെ, നിരവധി വികസന പ്രവർത്തനങ്ങൾ മോദി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
















