പപ്പടം കിട്ടാത്തതിന്റെ പേരില്‍ ഹരിപ്പാട് നടന്ന കൂട്ടത്തല്ലിന്റെ പരിഹാസം തീരും മുന്നേ തലസ്ഥാനത്തും സമാന സംഭവം. ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കരയില്‍ നടന്ന വിവാഹ സല്‍ക്കാരമാണ് പപ്പടത്തിന്റെ പേരില്‍ യുദ്ധക്കളമായി മാറിയത്. പപ്പടം വിളമ്പാന്‍ വൈകിയതിനെ ചൊല്ലി തുടങ്ങിയ വാക്കേറ്റം ഒടുവില്‍ ഇരു വീട്ടുകാരും തമ്മിലുള്ള പൊരിഞ്ഞ തല്ലിലാണ് കലാശിച്ചത്.മാറനല്ലൂര്‍ – നരുവാമൂട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള വിവാഹ ഹാളിലായിരുന്നു പപ്പടത്തല്ല്.
സദ്യ പാതിയാകുമ്പോഴേക്കും ഊട്ടുപുരയില്‍ പപ്പടത്തിന്റെ സ്റ്റോക്ക് തീര്‍ന്നതാണ് കയ്യാങ്കളിക്ക് കാരണമായത്. നേരിയ തര്‍ക്കമായി തുടങ്ങിയ സംഗതി വൈകാതെ തന്നെ ഇരു വീട്ടുകാരും തമ്മിലുള്ള അന്തസ്സും ആഭിജാത്യവും നോക്കിയുള്ള ഏറ്റുമുട്ടലായി മാറി. കസേരകളും പാത്രങ്ങളും വായുവില്‍ പറന്നതോടെ പോലീസ് സ്ഥലത്തെത്തി. ഹരിപ്പാട്ട് ഓഡിറ്റോറിയം ഉടമയ്‌ക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെങ്കില്‍ ഇവിടെ നാശനഷ്ടങ്ങളുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.അടി കഴിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പരാതിയില്ലെന്ന പല്ലവിയാണ് ഇരു വീട്ടുകാരും പറഞ്ഞത്.
അടിയും ഇടിയും കൊണ്ട് അവശരായെങ്കിലും പോലീസിന് പരാതി നല്‍കാന്‍ മാത്രം ആര്‍ക്കും താല്പര്യമില്ല. സ്വന്തം കല്യാണത്തിന് പപ്പടത്തിന്റെ പേരില്‍ അടിയുണ്ടാക്കി എന്ന് നാട്ടുകാര്‍ അറിയുന്നതിലെ നാണക്കേട് ഭയന്നാണ് ഈ പിന്‍മാറ്റം.അതേസമയം കല്യാണത്തിന് വന്ന വിരുതന്മാർ ഇതൊക്കെ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെ നാണക്കേട് പരകോടിയിലെത്തിയിരിക്കുകയാണ്.
















