ന്യൂദല്‍ഹി: ആയുഷ് മന്ത്രാലയത്തിന് ന്യൂദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലുമായി ധാരണാപത്രം ഒപ്പുവച്ചു. ആയുര്‍വേദത്തെ മുഖ്യധാരാ ആരോഗ്യ ഇന്‍ഷുറന്‍സുമായി സംയോജിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണിത്. ഈ കരാറോടെ, ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന് കീഴിലുള്ള 32 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെയും പട്ടികയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ഉള്‍പ്പെട്ടു. ഇത് രോഗികള്‍ക്ക് ആയുര്‍വേദ ത്തില്‍ പണരഹിത ചികിത്സാ സൗകര്യം ലഭ്യമാക്കും.
32 ഇന്‍ഷുറന്‍സ് കമ്പനികളും ആയുര്‍വേദ ചികില്‍സയ്‌ക്ക് കാഷ്‌ലസ് സൗകര്യം നല്‍കും. ആയുഷ് ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താനും ഗുണഭോക്താക്കളെ സഹായിക്കാനും മന്ത്രാലയം ഹെല്‍പ്പ്ലൈന്‍ ആരംഭിച്ചു.
ആയുഷ് ഹെൽപ്ലൈൻ വിശദാംശങ്ങള്‍:
ഹെല്‍പ്പ്ലൈന്‍ നമ്പര്‍: 1800-11-0008
സമയം: എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:00 വരെ അര്‍ഹതയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ സുഗമമായി ലഭ്യമാക്കുന്നതിനും, ഇന്‍ഷുറന്‍സ് പിന്തുണയോടെ ആയുഷ് ആരോഗ്യ സംരക്ഷണത്തിന്റെ സ്വീകാര്യത വിപുലമാക്കുന്നതിനും ഈ ഹെല്‍പ്പ്ലൈന്‍ ലക്ഷ്യമിടുന്നു.
കേന്ദ്ര ഗവണ്‍മെന്റിന്റെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ആയുര്‍വേദ രംഗത്തെ ഉന്നത സ്ഥാപനമാണ്. പരമ്പരാഗത ആയുര്‍വേദ ജ്ഞാനവും ആധുനിക ശാസ്ത്ര പുരോഗതിയും തമ്മില്‍ സമന്വയിപ്പിക്കുന്ന സ്ഥാപനമാണ്. വിവിധ വിഷയങ്ങളിലായി ബിരുദാനന്തര ബിരുദ, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. കൂടാതെ ആയുര്‍വേദ മരുന്നുകളുടെ ഗവേഷണം, മരുന്ന് വികസനം, ഏകീകരണം, ഗുണനിലവാര നിയന്ത്രണം, സുരക്ഷാ അവലോകനം, ശാസ്ത്രീയ മൂല്യനിര്‍ണ്ണയം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.
എഐഐഎയില്‍ അത്യാധുനിക രോഗനിര്‍ണയ സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള ഒരു റഫറല്‍ ആശുപത്രിയുണ്ട്. കൂടാതെ 25 സ്‌പെഷാലിറ്റി വകുപ്പുകള്‍, 12 ക്ലിനിക്കല്‍ യൂണിറ്റുകള്‍, എട്ട് ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണ ലബോറട്ടറികള്‍ എന്നിവയും ഉള്‍പ്പെടുന്നു.
















