തിരുവനന്തപുരം: നെടുമങ്ങാട് ജി എച്ച് എസ് എസില്‍ പണിമുടക്ക് ദിവസം എത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു.വൈകിട്ട് നാല് മണിയോടെ ഓഫീസ് സ്റ്റാഫെത്തി ഗേറ്റ് തുറന്നപ്പോഴാണ് അധ്യാപകര്‍ക്ക് പുറത്തിറങ്ങാനായത്. രാവിലെ സ്‌കൂളില്‍ എത്തിയ എട്ട് അധ്യാപകരെയാണ് പൂട്ടിയിട്ടത്. സ്‌കൂളിലെ മെയിന്‍ ഗേറ്റ് പൂട്ടിയിരുന്നു. പിന്‍വശത്തെ വാതിലിലൂടെയാണ് അധ്യാപകര്‍ അകത്ത് കയറിയത്.
പിന്നാലെ സമരാനുകൂലികള്‍ പിന്നിലെ ഗേറ്റും പൂട്ടുകയായിരുന്നു. ഓഫീസ് തുറക്കുകയോ ഹാജര്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല.
അതേസമയം കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്‌കൂളില്‍ കയറി അധ്യാപകരെയും വിദ്യാര്‍ഥികളെയും സിഐടിയു പ്രവര്‍ത്തകര്‍ പുറത്താക്കി. രാവിലെ സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയുമാണ് സംഘടിച്ചെത്തിയ സമരക്കാര്‍ പുറത്താക്കിയത്.ഇതിന് ശേഷം സ്‌കൂളിന്റെ രണ്ടു ഗേറ്റും പൂട്ടി കൊടികള്‍ നാട്ടി മുദ്രാവാക്യം വിളിച്ചു സമരക്കാര്‍ പ്രതിഷേധിച്ചു.
തുടര്‍ന്ന് സ്‌കൂളില്‍ കയറാനാവാതെ അധ്യാപകര്‍ റോഡില്‍ നിലയുറപ്പിച്ചു.ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്ന് അധ്യാപകര്‍ പറഞ്ഞു.
















