തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാ വിധി റദ്ദാക്കണമെന്ന മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.വ്യാഴാഴ്ച കേസ് പരിഗണിച്ചെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിന് മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്. കേസെടുത്തത് ഉള്‍പ്പെടെ നിയമവിരുദ്ധമെന്നും വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ആന്റണി രാജു മേല്‍ കോടതിയെ സമീപിച്ചത്.
തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി ലഹരിമരുന്ന് കേസിലെ പ്രതിയായ വിദേശിയെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതുകൊണ്ട് അപ്പീലില്‍ വിധി വരുന്നത് വരെ പ്രതികള്‍ക്ക് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.















