മലപ്പുറം: നിലമ്പൂരില്‍ സ്വര്‍ണമാല മോഷ്ടിച്ചു പിടിക്കപ്പെടുമെന്നായപ്പോള്‍ വിഴുങ്ങിയ യുവതിയില്‍ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ പൊലീസ്. മാല വിഴുങ്ങിയ മുക്കട്ടയില്‍ താമസിക്കുന്ന സമീനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാന്‍ കഴിയുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് മാല മോഷണം. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തിയ പരാതിക്കാരി ഡോക്ടറെ കാണാന്‍ ഊഴം കാത്തിരിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന സമീന കുഞ്ഞുങ്ങളോട് കൊഞ്ചിക്കുഴയുകയും ആളുകളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.
പരാതിക്കാരിയുടെ കുട്ടിയുടെ അടുത്തും സമീന എത്തിയപ്പോള്‍ നീരസം പ്രകടിപ്പിച്ചു. എന്നിട്ടും പെണ്‍കുട്ടികളില്ലെന്നും കൊച്ചു പെണ്‍കുട്ടികളെ വലിയ ഇഷ്ടമെന്നും പറഞ്ഞ് സമീന കുട്ടിയുടെ അടുത്ത് കൂടി. ഇതിനിടയില്‍ കുഞ്ഞ് ധരിച്ചിരുന്ന സ്വര്‍ണമാല കാണാതായി. സമീനയുടെ കൈവശവും മാല കണ്ടെത്താനായില്ല. സംശയം തോന്നി സമീനയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്തപ്പോഴാണ് മാല വിഴുങ്ങിയ കാര്യം വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. മോഷണം സ്ഥിരീകരിക്കാന്‍ പൊലീസ് സമീനയെ സ്‌കാനിംഗിന് വിധേയ ആക്കിയപ്പോള്‍ വയറ്റില്‍ സ്വര്‍ണമാല ഉണ്ടെന്ന് ഉറപ്പായി.
പിന്നാലെയാണ് മാല പുറത്തുവരുന്നതിനുള്ള കാത്തിരിപ്പ്.ആഭരണം വീണ്ടെടുക്കാന്‍ പൊലീസ് പല വഴികളും നോക്കിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ സമീനയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തൊണ്ടി മുതല്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സമീനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
















