ഇസ്ലാമബാദ്: ഭാരതം- അമേരിക്ക വ്യാപാരക്കരാര്‍ വന്നതുമുതലുള്ള പാക് ഭരണകൂടത്തിന്റെ വിലാപം തുടരുന്നു. യുഎസ് പ്രസിഡന്റിന് നൊബേല്‍ സമ്മാനിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിച്ച പാകിസ്ഥാന് വ്യാപാരക്കരാര്‍ കനത്ത തിരിച്ചടിയായി.
പാകിസ്ഥാനെ അമേരിക്ക ‘ടോയ്ലെറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞു എന്നാണ് ഇന്നലെ പാക് പാര്‍ലമെന്റില്‍ സംസാരിക്കവെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. അമേരിക്കയുമായി മുന്‍കാലങ്ങളിലുണ്ടാക്കിയ സഖ്യം പാകിസ്ഥാന് വലിയ ദോഷം ചെയ്തു. സ്വന്തം താത്പര്യങ്ങള്‍ക്കായി അമേരിക്ക തന്ത്രപരമായി പാകിസ്ഥാനെ ചൂഷണം ചെയ്തു. കാര്യം നേടിക്കഴിഞ്ഞപ്പോള്‍ ഒരു ‘ടോയ്ലെറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞു, ദേശീയ അസംബ്ലിയില്‍ ഖ്വാജ ആസിഫ് പറഞ്ഞു.
നിലവില്‍ പാകിസ്ഥാന്‍ അനുഭവിക്കുന്ന ഭീകരവാദവും മറ്റും കഴിഞ്ഞകാലങ്ങളിലെ തെറ്റുകളുടെ തിരിച്ചടിയാണെന്നും പാക് പ്രതിരോധ മന്ത്രി പറഞ്ഞു. 2001 സപ്തംബര്‍ പതിനൊന്നിലെ ആക്രമണങ്ങള്‍ക്ക് ശേഷം യുഎസുമായി ചേര്‍ന്നത് വലിയ നഷ്ടമുണ്ടാക്കി. അമേരിക്ക അഫ്ഗാനിസ്ഥാനെതിരെ യുദ്ധം ചെയ്തപ്പോഴും പാകിസ്ഥാന്‍ അവര്‍ക്കൊപ്പം നിന്നു. എന്നാല്‍, മേഖലയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയപ്പോള്‍ പാകിസ്ഥാന്‍ അക്രമങ്ങള്‍ക്കും സാമ്പത്തിക തകര്‍ച്ചയ്‌ക്കും ഭീകരാക്രമണങ്ങള്‍ക്കും ഇരയായി. പാകിസ്ഥാന്‍ ഒറ്റപ്പെട്ടുപോയി.
മുന്‍ സൈനിക ഭരണാധികാരികളായ സിയ ഉള്‍- ഹഖിനും പര്‍വേസ് മുഷ്റഫിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഖ്വാജ ഉന്നയിച്ചത്. അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കുചേര്‍ന്നത് ഇസ്ലാമിനുവേണ്ടിയല്ല. അമേരിക്കയെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. രാജ്യത്തിന് കനത്ത നഷ്ടം വരുത്തിവച്ചെന്നും ഖ്വാജ ആസിഫ് കുറ്റപ്പെടുത്തി.
















