പത്തനംതിട്ട: തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗ കേസില്‍ രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.ഒളിവില്‍ കഴിഞ്ഞിരുന്ന കിരണ്‍ തോമസും സാജന്‍ തോമസും ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ഇവര്‍ ബെംഗളുരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് സൂചന. മറ്റ് നാലു പ്രതികളും നേരത്തേ പിടിയിലായിരുന്നു.
കസ്റ്റഡിയില്‍ വാങ്ങിയ മുഖ്യപ്രതി സുബിന്‍ അലക്സാണ്ടറുമായി അന്വേഷണസംഘം കഴിഞ്ഞ ദിവസം സ്പായില്‍ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു.ഒരാള്‍ കൂടി പിടിയില്‍ ആകാന്‍ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെ ആയിരുന്നു സ്പായിലെത്തിയ ഗുണ്ടകള്‍ ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. അതിജീവിതയുടെ സഹപ്രവര്‍ത്തകയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നു.
ഗുണ്ടാ പിരിവ് ചോദിച്ച് സ്പായില്‍ എത്തിയ സുബിന്‍ അലക്‌സാണ്ടര്‍ അടക്കം ആറ് പേര്‍ 50000 രൂപ ആവശ്യപ്പെട്ടു. ഇത് നല്‍കാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചു. ഈ സമയം സ്പായില്‍ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്ത ശേഷമാണ് പ്രതികള്‍ മടങ്ങിയത്.
















