കൊച്ചി :നടന്‍ ബിജു മേനോന് പിഴയിട്ട് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്ന് നിര്‍മ്മാതാവിന് നഷ്ടം ഉണ്ടാക്കിയതിനാണ് പിഴ.
ബിജുമേനോന്‍ സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കാതെ വിട്ടു നിന്നതിനാല്‍ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് കാണിച്ച് നിര്‍മ്മാതാവായ അനൂപ് കണ്ണന്‍ സിനിമ സംഘടനകളില്‍ പരാതിയുമായി എത്തുകയായിരുന്നു.തുടര്‍ന്നാണ് പരാതിയില്‍ കഴമ്പുണ്ടെന്നും നടന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നിര്‍മ്മാതാവിന് നല്‍കണമെന്നും സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.
സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് ആദ്യം ബിജു മേനോനെതിരെ രംഗത്തെത്തിയത്.പിന്നീട് സിനിമയുടെ നിര്‍മ്മാതാവ് അനൂപ് കണ്ണനും ബിജു മേനോനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതിയുമായി എത്തി.നഷ്ടപരിഹാരം നല്‍കാന്‍ തയാറായില്ലെങ്കില്‍ ബിജുമേനോനെ ബഹിഷ്‌ക്കരിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നിലപാടുകളിലേക്ക് പോകാനും നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.
സിനിമകളില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്ന താരങ്ങള്‍ സിനിമാ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് കഴിഞ്ഞ വര്‍ഷം പരാതികള്‍ ഉയര്‍ന്നിരുന്നു. സിനിമയില്‍ അഭിനയിച്ച് പറഞ്ഞുറപ്പിച്ച പണം കൈപ്പറ്റിക്കഴിഞ്ഞാല്‍ പിന്നെ സിനിമയുമായി സഹകരിക്കാതിരിക്കുകയെന്ന നിലപാടാണ് ചില താരങ്ങള്‍ സ്വീകരിക്കുന്നത്.ബിജു മേനോനെതിരെ ഫിലിം പ്രൊഡ്യൂസേഴ്‌സ് പിഴ ചുമത്തിയത് വരും നാളുകളില്‍ മറ്റു താരങ്ങള്‍ക്കുള്ള താക്കീതായാണ് സിനിമാ ലോകം വിലയിരുത്തുന്നത്. സിനിമകളുടെ പ്രചരണവുമായി താരങ്ങള്‍ സഹകരിക്കാതെ വന്നാല്‍ അവരെ വരും പ്രൊജക്റ്റുകളില്‍ സഹകരിപ്പിക്കേണ്ടതില്ലെന്നാണ് പ്രൊഡ്യൂസേഴ് അസോസിയേഷന്റെ നിലപാട്. ആവശ്യപ്പെടുന്ന അത്രയും വേതനം നല്‍കിയാണ് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിക്കുന്നത്. അഭിനയവും പ്രമോഷനും ഉള്‍പ്പെടെയാണ് വേതനം ഉറപ്പിക്കുന്നത്. താരങ്ങളും നിര്‍മ്മാതാവും തമ്മില്‍ രേഖാമൂലം നല്‍കുന്ന കരാര്‍ പ്രകാരം പ്രമോഷന്‍ പരിപാടികളില്‍ നിന്നും മാറുന്നത് നന്നല്ല.
















