വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധയോടെ വോട്ടുചെയ്യാൻ റാപ്പർ വേടൻ ആഹ്വാനംചെയ്യുന്ന വീഡിയോ വൈറൽ. കഴിഞ്ഞദിവസം കോഴിക്കോട്ടെ സംഗീതപരിപാടിയിൽ പറഞ്ഞ വാക്കുകൾ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. മൂന്നുനാലു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നോക്കിവോട്ടുചെയ്യണമെന്നാണ് വേടന്റെ ആഹ്വാനം.
‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാർ സൈഡ്. ജനാധിപത്യം ഇന്ത്യയിൽ നിലനിൽക്കാൻ കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇല്ലെങ്കിൽ ഇവന്മാർ എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ. അതിവിടെ കസേരയിട്ടിരിക്കുന്നവർക്കും കാണാൻവേണ്ടി രണ്ടുകാലിൽ മണിക്കൂറുകളായി നിൽക്കുന്നവർക്കും മനസിലാവേണ്ട കാര്യമാണ്.
ഇന്ത്യയിൽ സ്വതന്ത്രമായി ഇങ്ങനെയൊരു സ്ഥലത്തുനമുക്ക് കൂടാൻ കഴിയുന്നത്, വിപ്ലവപ്പാട്ടുകൾ പാടാൻ പറ്റുന്നത്, സഹമനുഷ്യരെ സ്‌നേഹിക്കാനും സഹായിക്കാനും പറ്റുന്നത് ഇവിടെ ന്യൂനപക്ഷജനങ്ങൾ ശക്തമായി നിൽക്കുന്നതുകൊണ്ടുമാത്രമാണ്. മൂന്നുനാല് മാസത്തിൽ ഇലക്ഷൻ വരികയാണ്. നോക്കിവോട്ടുചെയ്യുക’, എന്നാണ് വേടന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്
















