കൊല്ലം: മന്ത്രവാദം ചെയ്ത് ബാധയൊഴിപ്പിക്കാമെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച കേസിൽ പിടിയിലായ ജ്യോത്സ്യൻ മുരാരി തന്ത്രി എന്ന രാജേന്ദ്ര ബാബു റിമാൻഡിൽ. ചൊവ്വാഴ്ച കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഇയാളെ കൊട്ടാരക്കര സബ്ജയിലേക്ക് അയച്ചു. പോക്‌സോയ്‌ക്കു പുറമേ ക്രൂരമായ മർദ്ദനവുമാണ് ഇയാൾ നടത്തിയത്.
സംഭവദിവസം മുരാരി പെൺകുട്ടിയെ ക്രൂരമായി മർദിച്ചതായി പോലീസ് റിപ്പോർട്ടിലുണ്ട്. കഴുത്തിലും തലയിലും മുറിവുകളേറ്റിട്ടുണ്ട്. ഭിത്തിയും തറയിലുമെല്ലാം ചോരപ്പാടുകൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ തലപിടിച്ച് ഭിത്തിയിൽ ഇടിച്ചതായും പോലീസ് പറയുന്നു. ഫൊറൻസിക് വിദഗ്ധർ മുറിയിൽ പരിശോധന നടത്തി. അതേസമയം ഇയാൾ അന്വേഷണം വഴിതിരിച്ചു വിടാനും ശ്രമം നടത്തിയിരുന്നു. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയസമയം തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും 20 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടെന്നും അതിന് തെളിവായി വീഡിയോ ഉണ്ടെന്നും ഇയാൾ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു.
എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. പൂജാമുറിയെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൊണ്ടുപോയത് അയാളുടെ കിടപ്പുമുറിയിലേക്കാണെന്നും അവിടെ വെച്ച് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും അത് ഒഴിപ്പിക്കുന്നതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മാത്രം മുറിയിലേക്ക് കൊണ്ടുപോയി മുരാരി അതിക്രമം കാട്ടുകയായിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും മകൾ മടങ്ങിവരാത്തതിനാൽ അമ്മ അന്വേഷിച്ച് ചെന്നപ്പോഴാണ് പെൺകുട്ടി വിവരം പറയുന്നത്. ഒരു മണിക്കൂറോളം പെൺകുട്ടിയെ മുറിക്കുള്ളിൽ അടച്ചിട്ടാണ് തന്ത്രി ക്രൂരത കാട്ടിയത്. കുട്ടിയെ തനിച്ച് വിടാൻ അമ്മ ആദ്യം വിസമ്മതിച്ചെങ്കിലും പ്രതിയുടെ ഭാര്യയും അമ്മയും ചേർന്ന് ഇവരെ നിർബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു.
ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുട്ടി പുറത്തുവരാത്തതിനെ തുടർന്ന് മാതാവ് ബഹളം വെച്ചതോടെ പെൺകുട്ടി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിവരികയായിരുന്നു. തുടർന്നാണ് പ്രതിഷേധവുമായി ആളുകൾ എത്തുന്നതും പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുന്നതും. ഇതിനിടെ ഇയാൾ മുങ്ങിയിരുന്നു. പിന്നീട് ഭരണിക്കാവിലുള്ള ഒരു ലോഡ്ജിൽ നിന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
നാട്ടില്‍ തരികിടയും തട്ടിപ്പുകളും നടത്തിയിരുന്ന രാജന്‍ ബാബു ഒരു സുപ്രഭാതത്തില്‍ ജ്യോത്സ്യന്‍ മുരാരി തന്ത്രിയായി പ്രത്യക്ഷപ്പെടുകയാണ് ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്നാണ് ജ്യോത്സ്യന്റെ വേഷം അണിയുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായിരുന്ന ലോറി ഡ്രൈവര്‍ അര്‍ജുന്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രവചനവും ഇയാള്‍ നടത്തിയിരുന്നു.
ഇത്തരത്തില്‍ തള്ളിന്റെ മാരക വേര്‍ഷനിലുള്ള പ്രചനങ്ങളും ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. അര്‍ജുന്റെ വിഷയത്തിലെ പ്രവചനം പാളിയതോടെ വ്യാജ ജ്യോത്സ്യന്‍ എന്ന് വിമര്‍ശനവും ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.നിസ്സഹായരായ മനുഷ്യരുടെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്യാനുള്ള വഴിയായിരുന്ന മുരാരിക്ക് ജ്യോത്സ്യം. പഴയ കാര്യങ്ങളെല്ലാം അറിയുമ്പോള്‍ തന്നെയാണ് ഇയാള്‍ നാട്ടുകാര്‍ക്കിടയില്‍ വിലസിയത്.
















